എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു: പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഡ്രഡ്ജിംഗ് പുനരാരംഭിക്കും

Saturday 02 August 2025 9:59 PM IST

പയ്യന്നൂർ :മൂന്നു മത്സ്യതൊഴിലാളികളുടെ ജീവനെടുത്ത ചൂട്ടാട്-പാലക്കോട് അഴിമുഖത്തെ മണൽത്തിട്ട നീക്കാൻ കല്യാശ്ശേരി എം.എൽ.എ എം.വിജിന്റെയും പയ്യന്നൂർ എം.എൽ.എ ടി.ഐ.മധുസൂദനന്റെയും നേതൃത്വത്തിൽ രാമന്തളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം. മേഖലയിൽ മത്സ്യബന്ധന വളളങ്ങൾ മറിഞ്ഞ് അപകടം പതിവായ സാഹചര്യത്തിലാണ് എം.എൽ.എ.മാരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്.

അഴിമുഖത്ത് മണൽ അടിഞ്ഞുകൂടുന്നതിന് പരിഹാരം കാണുന്നതിന് അടിയന്തര പ്രാധാന്യത്തോടെ ചെന്നൈയിൽ നിന്ന് ഉപകരണങ്ങൾ എത്തിക്കും. കെoഡെല്ലിനാണ് ഡ്രഡ്ജിംഗ് ചുമതല. ഡ്രഡ്ജിംഗിലൂടെ ലഭിക്കുന്ന മണൽ നിക്ഷേപിക്കാൻ പയ്യന്നൂർ മുൻസിപാലിറ്റിയിലെ ഉളിയത്ത് കടവ്, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട്, പുതിയ പുഴക്കര പാലം, രാമന്തളി പഞ്ചായത്തിലെ ചിറ്റടിക്കുന്ന് എന്നീ പ്രദേശങ്ങൾ പരിഗണിക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ വർഷം ചെറുതാഴം പഞ്ചായത്തിൽ ഇത്തരത്തിൽ നിക്ഷേപിച്ച മണൽ വിൽപന നടത്താനും യോഗം തീരുമാനിച്ചു. പാലക്കോട് പുലിമുട്ട് നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകും.

യോഗത്തിൽ രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കായിക്കാരൻ, ആർ.ഡി.ഒ , സി കെ.ഷാജി, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ കെ.വി.ശ്രുതി, തഹസിൽദാർ ടി.മനോഹരൻ, ജിയോളജി, ഫിഷറീസ്, ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.