മന്ദഹസിക്കുന്ന ധിക്കാരി 

Sunday 03 August 2025 3:04 AM IST

ഒരു ഗുരുനാഥന്റെ സ്ഥാനം സമൂഹത്തിൽ എന്തായിരിക്കണം എന്ന് തെളിയിച്ചു തന്നു നമുക്ക് സാനുമാസ്റ്റർ എന്ന മഹാപ്രതിഭാശാലി. ആരോടും പകയില്ലാതെ നീതികേടുകളോട് വിട്ടുവീഴ്ചയില്ലാത്ത സമരം അദ്ദേഹം പ്രഖ്യാപിച്ചു. അത് ശബ്ദായ മാനമായ ഒന്നായിരുന്നില്ല, തന്നിൽനിന്ന് പഠിക്കുന്നവരിൽ കാലാതീതമായി നിൽക്കുന്ന ഒരു മഹാശക്തിയായി അത് മാറണം എന്ന് ഉദ്ദേശിച്ചു. ആ സദുദ്ദേശ്യം നടപ്പിലായി.

ക്ലാസിൽ കുട്ടികൾക്ക് മാത്രം അത് പകർന്നു കൊടുത്താൽ പോരാ എന്ന് അദ്ദേഹം കരുതി. അതുകൊണ്ട് പൊതുമണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിച്ചു. മഹാ ഗുരുനാഥന്മാർ വിട്ടേച്ചു പോയ പ്രബോധനത്തിന്റെ തുടർച്ച ഗൗരവമേറിയ കർത്തവ്യമാണ് എന്ന് ആദ്യമേ കണ്ടെത്തി. ശ്രീനാരായണഗുരു സ്വാമികളെയും മഹാകവി കുമാരനാശാനെയും സഹോദരൻ അയ്യപ്പനെയും അയ്യങ്കാളിയെയും - നരകിക്കുന്നവരുടെ ഉന്നമനത്തിനായി വേറെ ആരൊക്കെ പ്രവർത്തിച്ചിട്ടുണ്ട് അവരെയൊക്കെയും - സ്വാംശീകരിച്ച് സൃഷ്ടിപരമായ ആവർത്തനചികിത്സ നടത്തി.

ഗുരുസ്വാമികൾ തുടങ്ങിവച്ച കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ സൗമ്യനെങ്കിലും ശക്തനായ വക്താവായി അദ്ദേഹം മാറി. കാവ്യ അനുശീലനം അദ്ദേഹം ജീവിതവ്രതമാക്കി. കേരളത്തിൽ ചങ്ങമ്പുഴ എന്ന മഹാകവിയെ ഇത്ര ആഴത്തിൽ മനസ്സിലാക്കിയവർ അധികമില്ല. മനസിലായതൊക്കെ വളരെ ലളിതമായ ഭാഷയിൽ മറ്റാരും ഇങ്ങനെ രേഖപ്പെടുത്തി വെച്ചിട്ടുമില്ല. ഏതാണ്ട് അഞ്ച് പതിറ്റാണ്ട് കാലത്തെ പരിചയം എനിക്ക് അദ്ദേഹവുമായി ഉണ്ട്. ഞാൻ അദ്ദേഹത്തെ കാണുന്നത് ഒരു അനൗപചാരിക ഗുരുനാഥൻ എന്ന നിലയിലാണ്. ഭാഷയിൽ മാത്രമല്ല ജീവിതത്തിൽ തന്നെ എന്തെങ്കിലും സംശയം തോന്നുമ്പോൾ ചോദിക്കാൻ അദ്ദേഹം എപ്പോഴും അരികിൽ ഉണ്ടായിരുന്നു. പല ഘട്ടങ്ങളിലും വ്യക്തിപരമായ പല പ്രതിസന്ധികളിൽ നിന്നും പുറത്തു കടക്കാൻ ഏറ്റവും നല്ല വഴി എനിക്ക് പറഞ്ഞുതന്നത് അദ്ദേഹമാണ്. അതുപോലെ ആശാന്റെ സീതാകാവ്യത്തെ കുറിച്ചുള്ള ചർച്ചകൾ കാടുകയറുന്ന ഒരു കാലത്ത് എങ്ങനെയാണ് അതിനെ കാണേണ്ടത് എന്ന് പത്തു വാചകത്തിൽ എന്നെ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു.

ഒരു സമൂഹം ഏതു വിധം രൂപപ്പെടുന്നു എന്ന് നിശ്ചയിക്കുന്നത് അതിലെ ഗുരുനാഥന്മാരാണ് എന്ന് പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ ശരിയായ ഒരു പ്രസ്താവമാണത് എന്നതിന് മാഷ് സാക്ഷ്യമാണ്. ഏത് മഹാ സദസ്സിനോടും തനിക്ക് പറയാനുള്ളത് കൃത്യമായും വ്യക്തമായും കണിശമായും അദ്ദേഹം പറഞ്ഞു. പറച്ചിലിൽ വിട്ടുവീഴ്ച ഇല്ലാത്തപ്പോഴും സൗമ്യമായി പുഞ്ചിരിച്ചു. ഇത്രയൊക്കെ പ്രായമായി വളരെ ദുർബലശരീരൻ ആയിട്ടും പ്രസംഗം ചിലപ്പോൾ വളരെ നീണ്ടു.

എത്ര അഗാധതയിൽ ഉറപ്പോടെയാണ് അദ്ദേഹത്തിന്റെ പാണ്ഡിത്യ സൗധം കെട്ടിപ്പൊക്കപ്പെട്ടിരുന്നത് എന്ന് ഒരു ചീള് പോലും അടരാത്ത ആ ഓർമ്മശക്തി തെളിയിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്റെ ഏതെങ്കിലും ക്ലാസിൽ ഇരുന്ന ഒരു കുട്ടിയെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോൾ പേര് പറഞ്ഞു സ്വീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

സമൂഹത്തിൽ എത്ര വലിയ ആളായാലും ചെറിയ ആളായാലും ഒരു ഭേദവും കൂടാതെയാണ് അദ്ദേഹം പെരുമാറിയത്. ആകാശം ഇടിഞ്ഞുവീണു എന്ന് ആരെങ്കിലും പരിഭ്രമിച്ച് ചെന്ന് പറഞ്ഞാലും, 'എന്താ ചെയ്ക, നോക്കാം!" എന്ന് ആശ്വസിപ്പിച്ചു. അദ്ദേഹത്തെ നേരിട്ടറിയാൻ ഭാഗ്യമുണ്ടായ നമുക്ക് ഇനി നഷ്ടബോധത്തിന്റെ കാലം. ഈ കാലത്ത് നമ്മുടെ പിന്നാലെ വരുന്നവർക്ക് നമുക്ക് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു കൊടുക്കാം. അങ്ങനെ വേണമല്ലോ ആ ഓർമ്മ കാലാതീതമാവാൻ. ശരി സാർ, ഞങ്ങൾ അങ്ങയെ എല്ലാ കാലത്തും കണ്ടുകൊണ്ടിരിക്കാം!