വി.എസ്: അണയാത്ത കനൽ

Sunday 03 August 2025 3:06 AM IST

(യോഗനാദം 2025 ആഗസ്റ്റ്​ 1 ലക്കം എഡിറ്റോറിയൽ)

വി​.എസ്. അച്യുതാനന്ദനൊപ്പം മൺ​മറഞ്ഞത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അവസാന കണ്ണിയാണ്. ജീവി​തം നാടി​നായി​ സമർപ്പി​ച്ച് നാടി​ന്റെയും മനുഷ്യരുടെയും നന്മയ്ക്കും പുരോഗതി​ക്കും വേണ്ടി​ ആയുസ് ചെലവഴി​ച്ചവരുടെ പ്രതിനിധിയായിരുന്നു വി.എസ്. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരുടെ വരെ ഹൃദയം കവർന്ന് വടവൃക്ഷം പോലെ സമൂഹത്തി​ന് മേൽ തണലായി​ പടർന്നുപന്തലി​ച്ചു ഈ മനുഷ്യൻ. 102 വർഷമായി​ ആ സാന്നിദ്ധ്യം ഇവി​ടെയുണ്ടായി​രുന്നു. അതി​ൽ 85 വർഷവും ജീവി​ച്ചത് ജനങ്ങൾക്കൊപ്പം അവർക്ക് വേണ്ടി​യാണ്. ഒത്തുതീർപ്പുകളില്ലാത്ത രാഷ്ട്രീയ ജീവിതം എന്നു ചുരുക്കത്തിൽ വിശേഷിപ്പിക്കാം. തത്വാധിഷ്ഠിത നിലപാടുകളും പിന്നിട്ട വഴികളിലെ അനുഭവങ്ങളുടെ കരുത്തും സ്നേഹവും കരുതലും നിറഞ്ഞ മനസുമാണ് അഴിമതിയുടെ നിഴൽപോലും മുന്നിൽ വരാൻ അനുവദിക്കാതിരുന്ന ആ കമ്മ്യൂണിസ്റ്റുകാരനെ ജനപ്രിയനാക്കിയത്. കാട്ടുകള്ളന്മാരും കള്ളക്കടത്തുകാരും അഴിമതിക്കാരും സ്ത്രീപീഡകരും പെൺവാണിഭക്കാരും ചന്ദനം കടത്തുകാരും മുതൽ കൈക്കൂലിക്ക് കൈനീട്ടുന്ന ഐ.എ.എസുകാരും സർക്കാർ പ്യൂണും വരെ വി.എസിനെ ഭയപ്പെട്ടത് വെറുതേയല്ല. പൊതുപ്രവർത്തന രംഗത്തെ ചങ്കൂറ്റത്തിന്റെ ആൾരൂപമായി​രുന്നു അദ്ദേഹം. 82-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോഴും പ്രായത്തിന്റെ പേരിൽ ആരും അദ്ദേഹത്തെ വിമർശിച്ചില്ല. പിഞ്ചുകുട്ടികൾ വരെ മുത്തച്ഛനെപ്പോലെ കണ്ട് നെഞ്ചേറ്റി​. കുറി​ക്കുകൊള്ളുന്ന വാക്കുകളും നർമ്മവും കക്ഷി​രാഷ്ട്രീയത്തി​ന് അതീതമായ സ്വീകാര്യതയും ഏറ്റുവാങ്ങി. യുവാക്കളെക്കാൾ ഊർജ്വസ്വലനായി​ കാട്ടി​ലും മേട്ടി​ലുമുള്ള സമരഭൂമി​കളി​ലും വി​വാദകേന്ദ്രങ്ങളി​ലും വന്നെത്തി​. കാരി​രുമ്പി​ന്റെ കഠി​ന നി​ലപാടുകളുള്ള ഈ മനുഷ്യൻ എങ്ങനെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയെന്ന് പൊതുരംഗത്തുള്ളവർ മനസിലാക്കി പ്രവർത്തി​ച്ചി​രുന്നെങ്കിൽ കേരളം എന്നേ നന്നായേനെ. നിലപാടുകൾ തുറന്നുപറയാനും അതി​ൽ ഉറച്ചുനി​ൽക്കാനും കാണിച്ച ധൈര്യവും ആർജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമർശകരേയും നൽകിയത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ അവശേഷിച്ച ഒരേ ഒരാളായിരുന്നു വി.എസ്. മാതാപിതാക്കൾ മരിച്ചശേഷം പതിനൊന്നാം വയസുമുതൽ സഹോദരിയുടെ സംരക്ഷണയിലായിരുന്നു അദ്ദേഹം. പഠനം മുടങ്ങി ജ്യേഷ്ഠനൊപ്പം തയ്യൽപ്പണി, കയർ കമ്പനിയിൽ ജോലി, അങ്ങനെയായി​രുന്നു ജീവി​താരംഭം. ദാരിദ്ര്യത്തിൽ ജനിച്ച്, പാവപ്പെട്ടവന്റെ ദുരിതങ്ങൾ കണ്ടറിഞ്ഞ് അവർക്ക് സമത്വസുന്ദരമായ ലോകം കെട്ടി​പ്പടുക്കാൻ വേണ്ടി ജീവിതം സമർപ്പിച്ചപ്പോൾ വി.എസിന് വയസ് വെറും പതിനേഴ്. 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി. 46ൽ പുന്നപ്ര - വയലാർ സമരത്തിൽ പങ്കാളിയായി. 1967മുതൽ 2016 വരെ ഏഴുവട്ടം നിയമസഭയിലെത്തി. 92ലും 2001ലും പ്രതി​പക്ഷ നേതാവായി​. 2006 മേയ് 18ന് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ജനങ്ങളെയും തൊഴിലാളികളെയും സംഘടിപ്പിച്ച്, പൊലീസിന്റെയും ജന്മിമാരുടെയും തിരുവിതാംകൂർ സർക്കാരിന്റെയും പീഡനങ്ങൾ തരണം ചെയ്ത്, ഒളിവിലും വെളിച്ചത്തുമായി പതിറ്റാണ്ടുകൾ പിന്നിട്ടാണ് അദ്ദേഹം പാർട്ടിയുടെയും ഭരണത്തിന്റെയും ഉന്നതങ്ങളിൽ എത്തിയത്. പണമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന മാടമ്പിമാരുടെ ധാർഷ്ട്യത്തിനും അഴി​മതി​കൾക്കുമെതിരായ പ്രക്ഷോഭങ്ങളും നിയമയുദ്ധങ്ങളും

വി​.എസി​നെ ജനകീയനാക്കിയതി​ൽ പ്രധാനഘടകങ്ങളാണ്​. സാധാരണക്കാരുടെയും സമൂഹത്തിന്റെ പുറമ്പോക്കിൽ കിടക്കുന്നവന്റെയും വേദനകൾ ഉൾക്കൊണ്ടും പെണ്ണിന്റെ മാനത്തിന് വില പറഞ്ഞവരെ കൈയ്യാമം വയ്പ്പിക്കാൻ തുനിഞ്ഞിറങ്ങി​യും കാടും മേടും വെട്ടിപ്പിടി​ക്കുന്ന പ്രമാണിമാരെ നിയമത്തിന് മുന്നിൽ വിറപ്പിച്ചും പൊതുസ്വത്ത് കൊള് ളയടിക്കുന്നവനെ തുറന്നുകാട്ടി​യും നേരിന്റെ രാഷ്ട്രീയത്തിന്റെ പ്രതീകമായാണ് വി.എസ് മലയാളി മനസുകളിൽ കുടിയിരുന്നത്. വി​.എസി​ന്റെ ഒരു മൂളലി​ന് പോലും രാഷ്ട്രീയഭാഷ്യം ചമയ്ക്കുന്ന കാലവും കേരളം കണ്ടി​ട്ടുണ്ട്. അദ്ദേഹത്തി​​ന്റെ നി​യമയുദ്ധങ്ങൾ ചരി​ത്രങ്ങളാണ്. അഴി​മതി​ക്കേസി​ൽ കേരളത്തി​ലെ ഒരു മന്ത്രി​യെ ശി​ക്ഷി​പ്പി​ച്ച് ജയി​ലി​ൽ അടപ്പി​ച്ചതും സഹസ്രകോടി​കൾ ഈ കൊച്ചുകേരളത്തി​ൽ നി​ന്ന് കടത്തി​യി​രുന്ന അന്യസംസ്ഥാന ലോട്ടറി​ മാഫി​യയെ കെട്ടുകെട്ടി​ച്ചതും പ്ളാച്ചി​മട ജലചൂഷണക്കേസ്, സൂര്യനെല്ലി​ പീഡനക്കേസ് തുടങ്ങി​ മതി​കെട്ടാനി​ലെയും പൂയംകുട്ടി​യി​ലെയും വൻവനം കൈയേറ്റവും മറ്റും ചർച്ചയായതി​നും

പി​ന്നി​ൽ വി​.എസെന്ന ഒറ്റയാനായി​രുന്നു.

കാർക്കശ്യം മുഖമുദ്ര ആയപ്പോഴും ആർദ്രമായ മനസും അദ്ദേഹത്തി​നുണ്ടായി​രുന്നു. പാവങ്ങളുടെയും അശരണരുടെയും മനസിൽ സ്നേഹത്തിന്റെ മൂർത്തീരൂപമായിരുന്നു അദ്ദേഹം. അന്ത്യയാത്രയിൽ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മുഖങ്ങളും വി​കാരപ്രകടനങ്ങളും ആ സ്നേഹത്തി​ന്റെ ഇഴയടുപ്പം ദൃശ്യമാക്കി​. സുദീർഘമായ പൊതുജീവിതത്തിൽ ഒരു അഴിമതി ആരോപണം പോലും വരാതെയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. എതിർരാഷ്ട്രീയക്കാരോട് മാത്രമല്ല, സ്വന്തം പാർട്ടിക്കാരോടു പോലും വി.എസിന് പോരാടേണ്ടി വന്നി​ട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചവിട്ടിയൊതുക്കപ്പെടുമെന്ന ഘട്ടങ്ങളിലെല്ലാം ജനസ്വാധീനമെന്ന കരുത്തിനാലാണ് അദ്ദേഹത്തെ സ്വന്തം പാർട്ടി​ക്ക് പോലും തിരിച്ചുവിളിക്കേണ്ടി വന്നത്. പോളി​റ്റ് ബ്യൂറോയി​ൽ നി​ന്നും കേന്ദ്ര കമ്മി​റ്റി​യി​ൽ നി​ന്നും അച്ചടക്ക നടപടി​യുടെ ഭാഗമായി​ തരംതാഴ്ത്തപ്പെട്ടി​ട്ടുണ്ടെങ്കി​ലും അതൊന്നും അദ്ദേഹത്തെ തളർത്തി​യി​ല്ല. നീതിക്ക് വേണ്ടി നയിച്ച പോരാട്ടങ്ങളി​ലും ജനകീയ പ്രക്ഷോഭങ്ങളി​ലും കടുകി​ട വി​ട്ടുവീഴ്ചയ്ക്ക് വി.എസ് തയ്യാറായതുമി​​ല്ല.

കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി വി.എസിനെ ജനങ്ങൾ ഹൃദയത്തിലേറ്റിയത് സമീപനങ്ങളിലെയും നിലപാടുകളിലെയും വിശുദ്ധിയാലാണ്. അതുകൊണ്ടാണ് വി.എസിന്റെ നിലപാടുകൾക്ക് മുന്നിൽ പലപ്പോഴും പാർട്ടി തീരുമാനങ്ങൾ വഴിമാറിയത്. വി​.എസാണ് എന്നെ പൊതുരംഗത്തേക്ക് കൊണ്ടുവന്നത്. 1963 മുതലുള്ള വ്യക്തിബന്ധമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 1964ൽ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആലപ്പുഴ കഞ്ഞിക്കുഴി ബി.ഡി.സി തിരഞ്ഞെടുപ്പിലും മത്സരിച്ചത് അദ്ദേഹത്തിന്റെ പിന്തുണയാലാണ്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി പദത്തിലേക്കുള്ള എന്റെ വരവിന് പിന്നിലും വി.എസിന്റെ പിൻബലം ഉണ്ടായിരുന്നു. പല നിർണായകഘട്ടങ്ങളിലും ഉപദേശങ്ങളും നിർദേശങ്ങളും തന്നു. വഴികാട്ടിയുമായി. വി.എസ്. ഭരണത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും പല ദൗത്യങ്ങളും ഏൽപ്പിച്ചിട്ടുണ്ട്. അവ കൃത്യമായി നിർവഹിക്കുകയും ചെയ്തു. വലിയ ഹൃദയബന്ധം പുലർത്തിയപ്പോഴും ചില സന്ദർഭങ്ങളി​ൽ പ്രയാസങ്ങളും ഉണ്ടായി​ട്ടുണ്ട്. അതൊക്കെ പൊതുജീവി​തത്തി​ന്റെ ഭാഗമാണ്. ഇന്ത്യൻ രാഷ്ട്രീയത്തി​ൽ തന്നെ

വി​.എസി​നെപ്പോലുള്ള നേതാക്കൾ അപൂർവ്വമാണ്. വി.എസിന് തുല്യം വി.എസ് മാത്രമേയുള്ളൂ. ദേഹം വലിയചുടുകാട്ടിലെ ചിതയിൽ എരിഞ്ഞെങ്കിലും ജനലക്ഷങ്ങളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സ്മരണ അണയാത്ത കനലായി ജനമനസുകളിൽ ഇനിയും തുടരും. തീരാനഷ്ടമാണ് ഈ വിയോഗം. സഫലമാണ് ആ ജീവി​തം. ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.