അണയാത്ത സൗമ്യദീപ്തി

Sunday 03 August 2025 4:17 AM IST

കേരളത്തിന്റെ വഴിവിളക്കുകളെല്ലാം അണഞ്ഞുപോവുകയാണോ എന്ന വ്യസനചിന്തയിലാണ് മലയാളി ഇപ്പോൾ. സമര രാഷ്ട്രീയത്തിന്റെയും ജനപക്ഷ നിലപാടുകളുടേയും ഭാവപൂർണിമ മലയാളിക്കു സമ്മാനിച്ച വി.എസ്. അച്യുതാനന്ദന്റെ വേർപാട് സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് മോചിതമാകുന്നതിനു മുമ്പാണ് പ്രൊഫ എം.കെ. സാനു മാസ്റ്ററുടെ വിയോഗവാർത്ത എത്തുന്നത്. മലയാളികൾ ഒന്നടങ്കം മാഷ് എന്ന സർവനാമം കൊണ്ട് സ്നേഹാദരങ്ങൾ ചൊരിഞ്ഞ വിരലിലെണ്ണാവുന്നവരേയുള്ളൂ. അവരിൽ പ്രഥമഗണനീയനാണ് സാനു മാഷ്. പതിനായിരക്കണക്കിന് കുട്ടികൾക്ക് അക്ഷര വെളിച്ചം നൽകുക മാത്രമല്ല, അദ്ദേഹം ചെയ്തത്. രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ചിരന്തന മൂല്യങ്ങളിലേക്ക് മലയാളിയെ മുഴുവൻ കൈപിടിച്ചുകൊണ്ടുപോയവരിൽ പ്രമുഖനാണ്.

ആരോടും കലഹിക്കാതെ, ആരെയും വേദനിപ്പിക്കാതെ, എല്ലാവരിലേക്കും പടർന്നുകയറിയ മാനുഷികതയുടെ പേരായിരുന്നു സാനു മാഷ്. ഇരുപതാം നൂറ്റാണ്ടിന്റെ ഭാവപ്പകർച്ചകൾക്കൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിസ്മയ മുന്നേറ്റത്തിനും സാക്ഷിയും സഹായിയുമായി നിന്ന ഒരാൾ. സ്വാതന്ത്ര്യപൂർവ കാലത്തിന്റെ ആസുരതകളിലൂടെ സഞ്ചരിച്ച്, സ്വാതന്ത്ര്യാനന്തര ജീവിതത്തിന്റെ കാലുഷ്യങ്ങളെ വാക്കുകൊണ്ടും എഴുത്തുകൊണ്ടും നേരിട്ട മനുഷ്യൻ. സാഹിത്യത്തിലെയും സംസ്കാരത്തിലെയും അസംബന്ധ പ്രവണതകളെ സൗമ്യ ദീപ്തമായ വാഗ്വൈഭവം കൊണ്ട് അലിയിച്ചുകളഞ്ഞ മനുഷ്യസ്നേഹി. 98-ാം വയസിലും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളക്കരയ്ക്ക് പ്രത്യാശയുടെ പ്രകാശ ഗോപുരങ്ങൾ ഒരുക്കിയ മഹാമനീഷി.

മലയാളിയുടെ സാമൂഹ്യ ജീവിതത്തിന്റെ സർവതലങ്ങളിലും കയ്യൊപ്പു ചാർത്തിയ അപൂർവം പ്രതിഭകളിലൊരാളാണ് സാനു മാഷ്. അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, നിരൂപകൻ, നോവലിസ്റ്റ്, കഥാകൃത്ത്, ജീവചരിത്രകാരൻ എന്നു വേണ്ട, ധൈഷണിക ജീവിതത്തിന്റെ സർവ മേഖലകളിലും അദ്ദേഹം രാജശില്പിയെപ്പോലെ വിരാജിച്ചു. അതും എട്ടുപതിറ്റാണ്ടോളം കാലം. ഇതിനിടയിൽ നാലുവർഷം എറണാകുളം എം.എൽ.എ എന്ന നിലയിൽ പാർലമെന്ററി ജീവിതത്തിലും പ്രശോഭിച്ചു. നമ്മുടെ നിയമസഭാപ്രസംഗങ്ങൾക്ക് സാഹിത്യ ഭംഗിയുടെ രുചിക്കൂട്ടുകൾ സമ്മാനിച്ചത് സാനുമാഷായിരുന്നു. ആശുപത്രിയിലായ ചുരുക്കം ദിവസങ്ങൾ ഒഴിവാക്കിയാൽ, അവസാന നാളുകളിൽപ്പോലും എഴുത്തിന്റെയും പ്രഭാഷണങ്ങളുടേയും ലോകത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു.

നല്ല അദ്ധ്യാപകനേ നല്ല പ്രഭാഷകനാകാൻ കഴിയൂ എന്നു പറയാറുണ്ട്. ഇത് മറിച്ചും പറയാവുന്നതാണ്. ഈ രണ്ടു മേഖലയിലും അനന്യമായ പ്രാഗത്ഭ്യം തെളിയിക്കാൻ സാനു മാഷിനു കഴിഞ്ഞിട്ടുണ്ട്. പ്രഭാഷണം കൊണ്ട് മലയാളിയുടെ സാംസ്കാരിക -സാഹിത്യ അഭിരുചികളെ വഴക്കിയെടുത്ത ജോസഫ് മുണ്ടശ്ശേരിയും തകഴിയും ബഷീറും പ്രൊഫ എം.പി. മന്മഥനും കെ. ബാലകൃഷ്ണനും, എം.പി. പോളും ജി. ശങ്കരക്കുറുപ്പും വയലാറും, സുകുമാർ അഴീക്കോടും എം. കൃഷ്ണൻ നായരും ഉൾപ്പെടെയുള്ളവരുടെ ശ്രേണിയിലാണ് സാനുമാഷിന്റെ സിംഹാസനം. 1960 കളിലും എഴുപതുകളിലുമൊക്കെ നാട്ടുമ്പുറങ്ങളിലെ ക്ഷേത്രോത്സവങ്ങൾക്കുപോലും സാഹിത്യ വിരുന്നൊരുക്കാൻ മുൻപന്തിയിൽ നിന്നത് സാനു മാഷായിരുന്നു. പ്രഭാഷണത്തിലെ സൗമ്യ ദീപതി തന്നെയായിരുന്നു മാഷിന്റെ ക്ലാസുകൾക്കും വെളിച്ചം വിതറിയത്.

അദ്ധ്യാപനത്തിലാകട്ടെ, പ്രഭാഷണങ്ങളിലാകട്ടെ ലാളിത്യവും ഊഷ്മളതയും ആത്മാർത്ഥതയും മാനവികതയും ഓരോ വാക്കിലും നിറഞ്ഞുനിന്നിരുന്നു. സാമൂഹ്യ നീതി, വ്യക്തിസ്വാതന്ത്ര്യം, തത്വചിന്തകൾ, രാഷ്ട്രമീമാംസകൾ, സാഹിത്യതത്വ വിചാരങ്ങൾ, കലാവിമർശനങ്ങൾ, ഭാഷാ ചരിത്ര വികാസം തുടങ്ങിയ മേഖലകളിലേക്കെല്ലാം അദ്ദേഹം കേൾവിക്കാരെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഈ ഈടുവയ്പ് പുതുതലമുറയും സ്വന്തമാക്കുന്നു എന്നതുകൊണ്ടാണ് ആറുമാസം മുമ്പ് എറണാകുളം മഹാരാജാസ് കോളേജിലെ എം.എ. മലയാളം വിദ്യാർത്ഥികൾ മാഷിനെ വിളിച്ച് ക്ലാസെടുപ്പിച്ചത്. സൗമ്യശബ്ദത്തിൽ തുടങ്ങി പതുക്കെ ആരോഹണത്തിലെത്തി വീണ്ടും സ്വച്ഛതയിലേക്കെത്തുന്നതായിരുന്നു ക്ലാസുകളും പ്രഭാഷണങ്ങളും. അതിവിപുലമായ വായനയുടേയും ആഴത്തിലുള്ള ചിന്തയുടേയും മൂശയിൽ വിളക്കിയെടുത്തതായിരുന്നു ആ വാക്കുകൾ.

ജീവചരിത്രകാരൻ എന്ന നിലയിലും സാനുമാഷിന്റെ സാംഗത്യം ശ്രദ്ധേയമാണ്. 'നോവലൈസ്ഡ് ബയോഗ്രഫി" എന്നൊക്കെ സാഹിത്യ ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്ന തരത്തിലുള്ളതാണ് മാഷ് രചിച്ച ജീവചരിത്രങ്ങൾ. ശ്രീനാരായണ ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും എം. ഗോവിന്ദന്റെയും സി.ജെ. തോമസിന്റെയും യുക്തിവാദി എം.സി. ജോസഫിന്റെയും വൈലോപ്പിള്ളിയുടെയും ഡോ. പൽപ്പുവിന്റെയുമൊക്കെ ജീവചരിത്രങ്ങൾ സാനുമാഷിന്റെ തൂലികയിൽ പിറന്നപ്പോൾ അവ നോവൽ പോലെ വായിച്ച് ആസ്വദിക്കാൻ കഴിയുന്നവയായി. അതുകൊണ്ടാണ് അയ്യപ്പപ്പണിക്കർ, സാനു മാഷ് രചിച്ച ജീവചരിത്രങ്ങളെ 'സാനു ചരിതങ്ങൾ" എന്നു വിശേഷിപ്പിച്ചത്. നോവലൈസ്ഡ് ബയോഗ്രഫിയുടെ രാജശില്പിയാണ് സാനു മാഷ് എന്നാണ് ഡോ. എം. ലീലാവതി പറഞ്ഞത്.

ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ സാംസ്കാരിക ജീവിതം ഭാസുരമാക്കിയ പാശ്ചാത്യരും പൗരസ്ത്യരുമായ പ്രതിഭാശാലികളിൽ ഏറക്കുറെ എല്ലാവരെയും കുറിച്ച് സാനു മാഷ് എഴുതിയ തൂലികാചിത്രങ്ങളും ഈ മേഖലയിലെ മുതൽക്കൂട്ടാണ്. ഗലീലിയോയും വാൾട്ട് വിറ്റ് മാനും നേതാജിയും തകഴിയും പൊറ്റക്കാടും വയലാറും കെ. ബാലകൃഷ്ണനും സി.വി. കുഞ്ഞുരാമനും തോപ്പിൽ ഭാസിയുമൊക്കെ സാധാരണ മനുഷ്യരിലേക്ക് എത്തിച്ചേരാൻ സാനു മാഷ് രചിച്ച തൂലികാചിത്രങ്ങൾ ഏറെ സഹായിച്ചു. സാഹിത്യ നിരൂപണത്തിൽ കവിതയ്ക്കും നാടകത്തിനും അദ്ദേഹം സവിശേഷ സ്ഥാനം നൽകി.

ഒരു നൂറ്റാണ്ടിന്റെ ധന്യജീവിതത്തിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോഴാണ് മാഷിനെ മരണം കവർന്നെടുത്തത്. കേരളകൗമുദി കുടുംബത്തിലെ അംഗം തന്നെയായിരുന്നു സാനു മാഷ്. സി.വി. കുഞ്ഞുരാമനും പത്രാധിപർ കെ. സുകുമാരനും തൊട്ട് ഇന്നത്തെ തലമുറയിൽപ്പെട്ടവരോടുവരെ അങ്ങേയറ്റം സ്നേഹ സൗഹൃദങ്ങൾ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. സാനുമാഷിന്റെ വിയോഗം മലയാളികൾക്ക് പൊതുവിലെന്നതു പോലെ, ഞങ്ങൾക്കും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ശിഷ്യഗണങ്ങളുടെയും സാഹിത്യാസ്വാദകരുടെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു.