മട്ടും ഭാവവും മാറി സ്വഭാവ നടന്റെ യാത്രയിൽ, മരണരംഗത്ത് അഭിനയിച്ച് മടക്കം

Sunday 03 August 2025 3:23 AM IST

അടുത്തിടെ സ്വഭാവ നടനായി തുടക്കം കുറിച്ച മനോഹരമായ യാത്രയ്ക്കിടെയാണ് പ്രശസ്ത ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാട്. ഡിറ്റക്ടീവ് ഉജ്ജ്വലൻ സിനിമയിൽ കാഴ്ചയിൽ ഭയങ്കര പരുക്കനും വേറിട്ട ലുക്കിലും ശബ്ദത്തിലും നവാസ് എത്തിയപ്പോൾ പെട്ടെന്ന് പ്രേക്ഷകർക്കുപോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഈ സിനിമയിൽ നവാസ് അവതരിപ്പിച്ച അശോകൻ എന്ന കഥാപാത്രം അപ്രതീക്ഷിതമായി കൊല്ലപ്പെടുകയാണ്. നവാസിന്റെ അപ്രതീക്ഷിത വിയോഗം പോലെ. മലയാളത്തിൽ നൂറിനടുത്ത് സിനിമയിൽ അഭിനയിച്ചെങ്കിലും ഇതാദ്യമായാണത്രേ നവാസിന്റെ കഥാപാത്രം സിനിമയിൽ മരിക്കുന്നത്. ഡിറ്റക്ടീവ് ഉജ്ജ്വലൻ ആണ് നവാസ് അഭിനയിച്ച് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. മിമിക്രിയിലൂടെയും കോമഡി ഷോയിലൂടെയും വെള്ളിത്തിരയിൽ എത്തിയ കലാഭവൻ നവാസ് പ്രേക്ഷകരെ ചിരിപ്പിക്കാനാണ് കഴിഞ്ഞവർഷം വരെ ശ്രദ്ധിച്ചത്. വിവാഹശേഷം നവാസും രഹ്നയും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച് ജനുവരിയിൽ തിയേറ്ററിൽ എത്തിയ 'ഇഴ" എന്ന ചിത്രത്തിലൂടെയാണ് ചുവടുമാറ്റം ആരംഭിക്കുന്നത് . ജോലി നഷ്ടപ്പെട്ട് ഗൾഫിൽ നിന്ന് വരുന്ന ഷൗക്കത്തിനെയാണ് നവാസ് അവതരിപ്പിച്ചത്. ഇഴയിലെ കഥാപാത്രവും ഗൗരവം നിറഞ്ഞതും അഭിനയതികവ് പ്രകടിപ്പിക്കുന്നതുമായിരുന്നു. ഇതിനു ചുവടുപിടിച്ചാണ് പിന്നീട് സിനിമകൾ തിരഞ്ഞെടുത്തത്. ആസിഫ് അലി നായകനായ ടിക്കി ടാക്കയിലും സ്വഭാവ നടന്റെ പകർന്നാട്ടം കാണാമെന്ന് നവാസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നവാസ് അവസാനം അഭിനയിച്ച പ്രകമ്പനം സിനിമയിലും കഥാപാത്രം ഗൗരവക്കാരനാണ്. ആർ.കെ. സുരേഷ് നായകനാകുന്ന ചിത്രത്തിലൂടെ അടുത്ത മാസം തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയായിരുന്നു. ഇഴപിരിയാത്ത രണ്ടു ജീവിതങ്ങളുടെ കഥ പറഞ്ഞ 'ഇഴ" സിനിമയിൽ സുമയ്യ എന്ന കഥാപാത്രത്തെയാണ് രഹ്‌ന അവതരിപ്പിച്ചത്. 'നീലാകാശം നിറയെ" എന്ന ചിത്രത്തിൽ മാത്രമാണ് വിവാഹത്തിന് മുൻപ് ഇരുവരും നായകനും നായികയുമായി അഭിനയിച്ചത്. 'നവാസ് ഇക്ക കൂടെ ഉള്ളതിനാലാണ് വീണ്ടും അഭിനയിച്ചതെന്നായിരുന്നു രഹ്നയുടെ വാക്കുകൾ. വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ കുടുംബജീവിതം നയിക്കുന്നതെന്ന് ജനുവരിയിൽ 'വാരാന്ത്യ കൗമുദിക്ക്" നൽകിയ അഭിമുഖത്തിൽ നവാസ് പങ്കുവച്ചിരുന്നു. അപ്രതീക്ഷിതമായി ഇഴ മുറിഞ്ഞു. രഹ്‌നയെ മൂന്നു മക്കളെയും തനിച്ചാക്കി നീലാകാശത്തേക്ക് നവാസ് മടങ്ങി.