വിദേശ രാജ്യങ്ങളിൽ ജോലിയുറപ്പാക്കി തൊഴിൽമേള

Sunday 03 August 2025 3:28 AM IST

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നിരവധി പേർക്ക് വിദേശ രാജ്യങ്ങളിൽ ജോലിയുറപ്പാക്കി തൊഴിൽമേള. മുട്ടം പോളി ടെക്നിക് കോളേജിൽ ഇന്നലെ നടത്തിയ 'വിജ്ഞാന ഇടുക്കി' തൊഴിൽ മേളയിൽ പങ്കെടുത്ത 316 പേരിൽനിന്ന് 79 പേർക്ക് ജോലി ലഭിച്ചു. യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് സൂപ്പർമാർക്കറ്റാണ് അക്കൗണ്ടന്റ്, സെയിൽസ്മാൻ, എ.സി ടെക്നീഷ്യൻ, ഡ്രൈവർ, സെക്യൂരിറ്റി സ്റ്റാഫ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ തുടങ്ങി 10ലേറെ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നിയമിച്ചത്. രാവിലെ 8.30ന് ആരംഭിച്ച രജിസ്ട്രേഷനായി പുലർച്ചെ മുതൽ ഉദ്യോഗാർഥികൾ കാത്ത് നിന്നു. വൈകിട്ട് ആറോടെയാണ് മേള സമാപിച്ചത്. ഇടനിലക്കാരില്ലാതെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ 40,000 രൂപവരെ ശമ്പളവും ഭക്ഷണവും താമസവും ലഭിക്കും. വിസ ചെലവുകളും കമ്പനി തന്നെയാണ് വഹിക്കുന്നത്. വിദേശത്ത് പോകുന്നവർക്കായി എല്ലാ ജില്ലകളിലും വിജ്ഞാന കേരളം തൊഴിൽമേള നടത്തുന്നുണ്ട്.