വിനോദസഞ്ചാരത്തിന് ഭീഷണിയായി കാട്ടാനക്കലി
ചാലക്കുടി: തുടരെത്തുടരെ വാഹനങ്ങൾക്കു നേരെയുണ്ടാകുന്ന കാട്ടാന ആക്രമണങ്ങൾ അതിരപ്പിള്ളി - മലക്കപ്പാറ പ്രദേശത്തെ വിനോദ സഞ്ചാരത്തിനു ഭീഷണിയായി. ഇന്നലെ തുമ്പൂർമുഴി പത്തേയാറിൽ അപ്രതീക്ഷിതമായാണ് ആന കാർ ആക്രമിച്ചത്. മുന്നിൽ രണ്ടാനകളെ കണ്ട് നിറുത്തിയിട്ട കാറിന്റെ പിന്നിൽ മറ്റൊരാന തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു. ഭയന്നു വിറച്ച മലപ്പുറം സ്വദേശികൾ യാത്ര മതിയാക്കി തിരിച്ചുപോയി. രണ്ടു മാസത്തിനിടെ നാലാം തവണയാണ് വാഹനങ്ങൾക്കു നേരെയുള്ള ആനകളുടെ ആക്രമണം. മൂന്നെണ്ണവും വാഴച്ചാലിന് അപ്പുറമായിരുന്നെങ്കിൽ ഇന്നലെ അത് തുമ്പൂർമുഴിയിലുമായി. മലക്കപ്പാറയിലേയ്ക്കു പോകുന്ന വാഹങ്ങൾക്കുനേരെ ഇതിനു മുൻപും പലപ്പോഴും ആക്രമണമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ബൈക്കുകൾക്കു നേരെ. എന്നാൽ, ഇപ്പോൾ ജനവാസ മേഖലയിലും ഇതു സംഭവിച്ചിരിക്കുന്നു. അതിരപ്പിള്ളി സ്ഥിരം ആനശല്യമുള്ള മേഖലയാണെന്ന് കുപ്രസിദ്ധി ഉയരുന്നത് വിനോദ സഞ്ചാരമേഖലയ്ക്കു ക്ഷീണം വരുത്തുമെന്ന ആശങ്കയുമുണ്ട്.
തുമ്പൂർമുഴിയിലെ കുട്ടികളുടെ പാർക്ക്, വെറ്റിലപ്പാറ വാട്ടർ തീം പാർക്ക് തുടങ്ങിയ കേന്ദ്രങ്ങളിലേയ്‌ക്കെത്തുന്ന സംഘങ്ങൾക്കും ആനകൾ ഭീഷണിയാകുന്നുണ്ട്. വെറ്റിലപ്പാറയിൽ സ്ഥിരം ആനശ്യമുണ്ട്. രാത്രിയിൽ കാർഷിക വിളകൾ തേടിയെത്തുന്ന ആനക്കൂട്ടം പലപ്പോഴും നേരംപുലർന്ന ശേഷമാണ് മടങ്ങുന്നത്. ഇതിനിടെയാണ് പലപ്പോഴും വാഹനയാത്രികർക്കു നേരെ പാഞ്ഞടുക്കുന്നത്. ആനകളുടെ വിളയാട്ടത്തിൽ നാട്ടുകാർ അങ്കലാപ്പിലുമാണ്. നിലവിലെ സംവിധാനത്തിൽ വനപാലകരും അങ്കലാപ്പിലാണ്. പുതിയ വാഹനങ്ങളും വനമേഖലയിലെ യാത്രാപരിചയമില്ലാത്ത ഡ്രൈവർമാരുമരാണ് പലപ്പോഴും ആനകളുടെ ആക്രമണത്തിന് ഇരയാകുന്നതെന്ന് പറയുന്നു.
ആക്രമണങ്ങളുടെ പശ്ചാത്തലം
- സാധാരണ കാട്ടിലെ വളവുകളിൽ ആനകൾ റോഡിൽ നിൽക്കും. ഇതു പ്രതീക്ഷിച്ചുവേണം വനമേഖയിലെ വാഹനയാത്ര.
- കാട്ടിലാണെങ്കിലും വാഹനങ്ങൾ നിറുത്തി ഫോണിൽ ദൃശ്യം പകർത്തൽ അപകടം ക്ഷണിച്ചു വരുത്തും.
- ആനകളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളിൽ ഹോൺ മുഴക്കൽ പാടില്ല.
- ആനകൾ അടുത്തെത്തിയാൽ എൻജിൻ ഓഫാകാതെയിരിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.
- പുതിയ ഇലക്ട്രിക്കൽ വാഹനങ്ങൾക്ക് ശബ്ദം കുറവായത് അവയുടെ അടുത്തേയ്ക്ക് ആനകളുടെ വരവിന് ഇടയാക്കുന്നുണ്ട്.