രാഷ്ട്രീയത്തിലെ പെട്ടെന്നുള്ള വളർച്ചയാണ് തെറ്റ്: കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രജ്വൽ

Sunday 03 August 2025 3:18 AM IST

ബംഗളൂരു: പ്രജ്വൽ രേവണ്ണ അറസ്റ്റിലായി 14 മാസങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിച്ചത്.40 അംഗ പ്രത്യേക അന്വേഷണ സംഘം 1,800 പേജുകളുള്ള റിപ്പോർട്ട് സമർപ്പിച്ചു. 26 സാക്ഷികളെ വിസ്തരിച്ചു. എട്ടാഴ്ചയ്ക്കുള്ളിൽ ജഡ്ജി സന്തോഷ് ഗജാനന ഭട്ട് വിധി പ്രസ്താവിച്ചു. പ്രജ്വലിനെതിരെയുള്ള നാല് കേസുകളിൽ ആദ്യ കേസിലാണിപ്പോൾ വിധി വന്നിരിക്കുന്നത്. വിധി കേട്ട് പ്രജ്വൽ പൊട്ടിക്കരഞ്ഞു.

രാഷ്ട്രീയത്തിൽ പെട്ടന്ന് വളർന്നത് മാത്രമാണ് താൻ ചെയ്ത ഏക തെറ്റെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പ്രജ്വൽ കോടതിയിൽ പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോഴായിരുന്നു ഇത്. 'ഒന്നിലധികം സ്ത്രീകളെ താൻ ഉപദ്രവിച്ചതായി പറയുന്നു. എന്നാൽ തനിക്കെതിരെ സ്വമേധയാ ആരും പരാതി നൽകിയില്ല. പ്രോസിക്യൂഷൻ അവരെ രംഗത്ത് കൊണ്ടുവന്നതാണ്. കുറഞ്ഞ ശിക്ഷ നൽകണം.ആറു മാസമായി താൻ അച്ഛനെയും അമ്മയെയും കുടുംബത്തെയും കണ്ടിട്ട്"- പ്രജ്വൽ പറഞ്ഞു.

ആദ്യ കേസിൽ

ഫാം ഹൗസിൽ ജോലിക്കാരിയായിരുന്ന 48കാരി നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസാണിത്. ഇതുകൂടാതെ മൂന്ന് കേസുകൾ കൂടി പ്രജ്വലിന്റെ പേരിലുണ്ട്. 2021ൽ രണ്ടുതവണ മാനഭംഗത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഫോറൻസിക് തെളിവുകളാണ് നിർണായകമായത്. സ്ത്രീയുടെ വസ്ത്രത്തിൽ നിന്ന് പ്രജ്വലിന്റെ ഡി.എൻ.എ സാമ്പിളുകൾ ലഭിച്ചിരുന്നു.വീഡിയോയിലുള്ള പ്രജ്വലിന്റെ ശബ്ദ സാമ്പിളുകളും പ്രധാന തെളിവായി. പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിന്റെ അച്ഛനും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയെയും അമ്മ ഭവാനി

രേവണ്ണയെയും പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

തിരഞ്ഞെടുപ്പ് കാലത്ത്

കഴിഞ്ഞ വർഷം ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രജ്വലുൾപ്പെടുന്ന അശ്ലീല വീഡിയോകൾ പ്രചരിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 2000ത്തോളം വീഡിയോകളാണ് ഇത്തരത്തിൽ ഇറങ്ങിയത്. കർണാടകയെ ഇളക്കി മറിച്ച ഈ പ്രശ്നത്തിനുപിന്നാലെ വോട്ടെടുപ്പ് ദിനം പ്രജ്വൽ വിദേശത്തേക്ക് മുങ്ങി. കഴിഞ്ഞ വർഷം മേയ് 31ന് ജർമ്മനിയിൽ നിന്നെത്തിയ ഉടൻ അന്വേഷണ സംഘം അറസ്റ്ര് ചെയ്യുകയായിരുന്നു. മുൻ പ്രധാനമന്ത്രിയും ജെ.ഡി. എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനാണ്. മൂന്ന് തവണ ഹാസനിലെ എം.പിയായിരുന്നു.