വിമാനത്തിലെ മർദ്ദനം; യാത്രികനെ മർദിച്ചയാൾക്ക് യാത്രാ വിലക്കുമായി ഇൻഡിഗോ

Sunday 03 August 2025 2:23 AM IST

ന്യൂഡൽഹി: മുംബയ്-കൊൽക്കത്ത വിമാനത്തിൽ സഹയാത്രികനെ മർദ്ദിച്ച സംഭവത്തിൽ യാത്രക്കാരന് വിലക്കുമായി ഇൻഡിഗോ എയർലൈൻസ്. കഴിഞ്ഞ ദിവസം യാത്രക്കിടെയുണ്ടായ സംഭവം സമൂഹ മാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെയാണ് മർദ്ദിച്ച യാത്രക്കാരന് ആജീവനാന്ത യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്തിൽ മോശം പെരുമാറ്റങ്ങൾ തടയുന്നതിനും വേണ്ടിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ചയായിരുന്നു മുംബൈയിൽ നിന്നും കൊൽക്കത്തയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ ഹുസൈൻ അഹമ്മദ് മജുംദാർ സഹയാത്രികന്റെ മർദ്ദനത്തിനിരയായത്. കൊൽക്കത്ത സ്വദേശിയായ ഹാഫിസുൽ റഹ്മാൻ എന്നയാളാണ് ആക്രമിച്ചത്. ഇയാളെ കൊൽക്കത്തയിൽ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പൊലീസിന് കൈമാറി.

മുംബയിലെ ജോലി ചെയ്തിരുന്ന ഹുസൈൻ സിൽച്ചാറിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. ആദ്യ വിമാനയാത്രയുടെ പരിഭ്രാന്തി പ്രകടിപ്പിച്ച ഹുസൈൻ അഹമ്മദിനെ ജീവനക്കാർ സീറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ കൈ ദേഹത്ത് തട്ടിയത് സഹയാത്രികനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മർദ്ദിച്ചു. സഹയാത്രികരും എയർലൈൻ ജീവനക്കാരും ഉടൻ പ്രതിഷേധിച്ചു.