പിതാവിന്റെ പാത പിന്തുടർന്ന് കലാരംഗത്ത്, ഒടുവിൽ അപ്രതീക്ഷിത വിടപറച്ചിൽ

Sunday 03 August 2025 12:29 AM IST

തൃശൂർ: ഭരതൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ഹൈദരാലി എന്നിവർ ജന്മംകൊണ്ട വടക്കാഞ്ചേരിയിലെ മണ്ണിൽ നിന്ന് മിമിക്രി ലോകത്തേയ്ക്കും പിന്നീട് സിനിമാ ലോകത്തേയ്ക്കും കടന്നുവന്ന അതുല്യ കലാകാരനാണ് നവാസ്. മിമിക്രി, സിരീയൽ, സിനിമ, സ്റ്റേജ് ഷോ എന്നിവയിൽ തിളങ്ങിയ നവാസ് സ്ത്രീ ശബ്ദത്തിൽ ഗാനങ്ങൾ ആലപിക്കുന്നതിൽ ശ്രദ്ധേയമാണ്. മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ അബൂബക്കറിന്റെ മകനായ നവാസും സഹോദരൻ നിയാസും സ്വപ്രയത്‌നംകൊണ്ട് കലാരംഗത്തേക്ക് കടന്നു വന്നവരാണ്. തന്റെ സ്വാധീനംകൊണ്ട് സിനിമയിൽ ഇടം നേടിത്തരില്ലെന്ന് പറഞ്ഞ വാപ്പയുടെ മക്കളാണ് നവാസും നിയാസും. മരാത്തുകുന്നിലെ സനം, നാദം എന്നീ ക്ലബ്ബുകളിലൂടെയാണ് ഇരുവരും ആദ്യം കലാരംഗത്തേക്കു കടന്നുവരുന്നത്. സ്‌കൂൾ നാടകങ്ങളിലൂടെ പതുക്കെ രംഗത്തേക്ക് കടന്നുവന്നു. ഇതിനിടയിൽ കോമഡി പരിപാടികളിലും ക്ഷേത്രപരിപാടികളിലും ക്ലബ്ബുകളുടെ പരിപാടികളിലുമായി മുന്നോട്ടുപോയി. ഇതിനിടെ നവാസിനും നിയാസിനും അഭിനയം തലയ്ക്കു പിടിച്ചതോടെ നവാസ് കലാഭവനിലേക്കും നിയാസ് മാള അരവിന്ദന്റെ വള്ളുവനാടൻ തിയറ്റേഴ്‌സ് എന്ന നാടക ട്രൂപ്പിലേക്കും പോകുകയായിരുന്നു. പിന്നീട് നിയാസുമായി ചേർന്ന് കൊച്ചിൻ ആർട്‌സ് എന്ന പേരിൽ മിമിക്‌സ് ട്രൂപ്പിട്ടു. എങ്കക്കാട് കലാസമിതിയിലെ അംഗമായിരുന്നു വാപ്പ അബൂബക്കർ. ചങ്ങനാശ്ശേരി ഗീത, കോട്ടയം നാഷണൽ തിയറ്റേഴ്‌സ് തുടങ്ങിയ സമിതികളിൽ 30 വർഷം നാടകരംഗത്ത് അദ്ദേഹം പ്രവർത്തിച്ചു. 70 കാലഘട്ടങ്ങളിൽ കുറച്ചു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. 'സൃഷ്ടി', 'മുത്ത്', 'ദ്വീപ്', 'രാജൻ പറഞ്ഞ കഥ' തുടങ്ങി കുറെയേറെ ചിത്രങ്ങൾ. അച്ഛനും മക്കളും ഒരു മരുമകളും നിറഞ്ഞ കലാകുടുംബത്തിൽ നിന്നാണ് നവാസ് അപ്രതീക്ഷിതമായി വിടപറഞ്ഞത്.