സർക്കാർ ആരോഗ്യ മേഖലയെ ജനകീയമാക്കി: മന്ത്രി

Sunday 03 August 2025 12:31 AM IST

പഴയന്നൂർ: സൗജന്യ ചികിത്സയും മികച്ച സേവനങ്ങളും നൽകി ആരോഗ്യമേഖലയെ ജനകീയമാക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി വീണാ ജോർജ്. പഴയന്നൂർ കുടുബരോഗ്യ കേന്ദ്രത്തിൽ ആർദ്രം മിഷൻ വഴി പൂർത്തിയാക്കിയ ലാബിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചേലക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡോക്ടർ അടക്കം നാല് പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ലാബും ഒ.പി ബ്ലോക്കും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2022-23 വർഷത്തെ പദ്ധതി വിഹിതമായി ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ സംവിധാനം വഴി അറുപതിൽപരം പരിശോധനകൾ പുതിയ ലാബിൽ ഒരേ സമയം നടത്താൻ കഴിയും. സംസ്ഥാന സർക്കാരിന്റെ 2021-22 വർഷത്തെ ആരോഗ്യ ഗ്രാന്റ് വഴി 22.4 ലക്ഷം ചെലവിലാണ് ശീതികരിച്ച കോൺഫറൻസ് ഹാളിന്റെയും പബ്ലിക് ഹെൽത്ത് സെന്ററിന്റെയും നവീകരണം പൂർത്തിയാക്കിയത്. 10 ലക്ഷം രൂപ ചെലവിൽ ആശുപത്രി പരിസര നവീകരണം, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വഴി നിർമ്മിച്ച 15 ലക്ഷം രൂപയുടെ ജലസംഭരണി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

യു.ആർ.പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി.പി.ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.സജീവ് കുമാർ, തൃശൂർ ആർദ്രം നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് എച്ച്.ദാസ് തുടങ്ങിയവർ സംസാരിച്ചു.