കിടങ്ങറ- കുന്നങ്കരി റോഡ് മഴയിൽ തോടായി
കുട്ടനാട് : കുണ്ടും കുഴിയും നിറഞ്ഞ കിടങ്ങറ- കുന്നങ്കരി റോഡ് കനത്ത മഴയെത്തുടർന്ന് തോട് പോലെയായി. കിടങ്ങറ, കുന്നങ്കരി, വെളിയനാട്, കാവാലം, ഈര, കൈനടി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായി. വാലടി കുറിച്ചി കിടങ്ങറ ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ, കുന്നങ്കരി ഗവ.എൽ.പി സ്ക്കൂൾ, എസ്. എൻ.ഡി.പി യോഗം കുന്നങ്കരി ഗുരുദേവക്ഷേത്രം, കുന്നങ്കരി ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള റോഡാണ്
മഴയിൽ കുളമായത്. നാല് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ്, മെറ്റലും ടാറിംഗും
ഇളകി കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
വെളിച്ചം പേരിന് പോലുമില്ലാത്ത റോഡിൽ രാത്രിയായാൽ കൂരിരിട്ട് നിറയും. മഴവെള്ളം കൂടിയാകുമ്പോൾ റോഡാണോ, കുഴിയാണോ എന്നറിയാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.
ബസ് സർവീസ് നിർത്തി വച്ചു
# കൊവിഡിന് മുമ്പ് ചങ്ങനാശ്ശേരിൽ നിന്ന് രാവിലെയും വൈകിട്ടും നാലോളം ബസുകൾ സർവീസ് നടത്തിയിരുന്ന റോഡാണിത്
# എന്നാൽ, റോഡ് തകർന്ന് യാത്ര തീരെ സാദ്ധ്യമല്ലാതെ വന്നതോടെ ഈ സർവീസുകൾ നിർത്തി വയ്ക്കാകൻ കെ.എസ്.ആർ.ടി.സി നിർബന്ധിതമായി. ഇതോടെ നാട്ടുകാരുടെ യാത്ര ദുരിതം വർദ്ധിച്ചു
# വെള്ളവും ഒഴുകിപ്പോകുന്നതിനായി റോഡിന് ഇരുവശവും ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് ഒരുപ്രയോജനവുമില്ല. കടുത്ത വേനലിൽ പോലും വെള്ളം വറ്റിപ്പോകാത്ത അവസ്ഥയാണ്
# നൂറ് കണക്കിന് വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊരുമരാമത്ത് വകുപ്പ് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല