ആറംഗസംഘം വീട്ടിൽക്കയറി രണ്ടുപേരെ ആക്രമിച്ചു

Sunday 03 August 2025 2:47 AM IST

കഴക്കൂട്ടം: അശ്രദ്ധമായി കാർ ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ 6 അംഗ സംഘം വീട്ടിലെത്തി യുവാവിനെയും ഭാര്യാപിതാവിനെയും മർദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം.

കമ്പിപ്പാരയും വെട്ടുകത്തിയുമായി വന്ന സംഘം അണ്ടൂർകോണം സ്വദേശി മുഹമ്മദ് ഷമീം (35), ഭാര്യാ പിതാവ് മുജീബ് (65)എന്നിവരെ ആക്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ ഷമീമിനും മുജീബിനും പരിക്കേറ്റു. ഇരുവർക്കും തലയിലും ദേഹത്തുമാണ് പരിക്ക്. സംഭവദിവസം രാത്രി മുഹമദ് ഷമീം വീടിനടുത്ത് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പോകുമ്പോൾ അലക്ഷ്യമായി ഓടിച്ച കാർ മുഹമ്മദ് ഷമീമിന്റെ ദേഹത്ത് തട്ടും എന്ന നിലയിൽ മുന്നോട്ടുപോയി. ഇതു ചോദ്യം ചെയ്തതോടെ കാറിലുണ്ടായിരുന്ന യുവാക്കളുമായി വാക്കുതർക്കമായി. ഇതിന്റെ വൈരാഗ്യമാകാം വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.