സാമ്പത്തിക തർക്കം: സഹോദരനെ വെട്ടിയ കേസിൽ ജേഷ്ഠൻ പിടിയിൽ
തിരുവല്ല : സാമ്പത്തിക കാര്യങ്ങളിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ തോട്ടത്തിൽ വീട്ടിൽ ജോമി ടി.ഈപ്പൻ (38) ആണ് പിടിയിലായത്. ജിബിൻ ടി.ഈപ്പനാണ് പരിക്കേറ്റത്. പ്രതി ജോമിയും മാതാവും ഇവർക്കൊപ്പം ഈ വീട്ടിൽ താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വാക്കുതർക്കത്തെ തുടർന്ന് ജിബിനെ വീട്ടിലിരുന്ന കത്തിയെടുത്ത് ജോമി ആക്രമിക്കുകയായിരുന്നു. ഇടതു ചെവിക്കും ഇടതു കൈപ്പത്തിക്കും വെട്ടേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഭാര്യ അന്നാ റോസിന്റെ മൊഴിപ്രകാരം കേസെടുത്ത പൊലീസ്, ചെറിയ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിലെത്തിയ ജോമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്‌പെക്ടർ എസ്.സന്തോഷ്, എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, ഡോമിനിക് മാത്യു, ജയ്മോൻ, എ.എസ്.ഐ ജെ.ആർ.രാജു, എസ്.സി.പി.ഒ അഖിലേഷ്, സി.പി.ഒ അവിനാഷ് വിനായകൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.