യു.എ.ഇയിൽ പിടിമുറുക്കി ചൂട്

Sunday 03 August 2025 7:11 AM IST

ദുബായ്: താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതോടെ, യു.എ.ഇയിൽ കൊടുംചൂട് പിടിമുറുക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ 51.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് അൽ ഐനിലെ സ്വെയ്‌ഹാനിൽ രേഖപ്പെടുത്തിയത്. യു.എ.ഇയിൽ ഇക്കൊല്ലം രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയാണിത്. മണിക്കൂറിൽ 25 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ചൂടുള്ള,​ വരണ്ട പൊടിനിറഞ്ഞ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റ് കാഴ്ച മറയ്ക്കാൻ ഇടയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും പുറത്തു ജോലി ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നതടക്കം പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് 10 വരെ ചൂട് കഠിനമായി തുടരും. പകൽ താപനില 49 ഡിഗ്രി സെൽഷ്യസിന് മുകളിൽ തന്നെ തുടർന്നേക്കും. യു.എ.ഇയുടെ തെക്കൻ, കിഴക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.