ജെറുസലേം മൃഗശാലയിൽ ജീവനക്കാരനെ പുലി കൊന്നു
ടെൽ അവീവ്: ജെറുസലേമിലെ മൃഗശാലയിൽ ജീവനക്കാരനെ പുലി കടിച്ചുകൊന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവമെന്ന് ജെറുസലേം ബിബ്ലിക്കൽ സൂ അധികൃതർ അറിയിച്ചു. കൂട്ടിൽ നിന്ന് രക്ഷപ്പെട്ട പുലി ഉറിയൽ നൂറി (26) എന്ന ജീവനക്കാരനെയാണ് ആക്രമിച്ചത്. സന്ദർശകർക്ക് മുന്നിൽ വച്ചായിരുന്നു ദാരുണ സംഭവം.
സംരക്ഷണ കവചത്തിന് അപ്പുറമായിരുന്നതിനാൽ സന്ദർശകർക്ക് ആർക്കും പരിക്കേറ്റില്ല. കഴുത്തിന് ഗുരുതര പരിക്കേറ്റ ഉറിയലിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനായെങ്കിലും ജീവൻ നഷ്ടപ്പെട്ടു. പുലി കൂട്ടിൽ നിന്ന് എങ്ങനെ ചാടിയെന്ന് വ്യക്തമല്ല. ഇസ്രയേലി പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നതായി മൃഗശാല വ്യക്തമാക്കി.
നിലവിൽ ഇവിടം താത്കാലികമായി അടച്ചിരിക്കുകയാണ്. ജെറുസലേമിന്റെ തെക്കു പടിഞ്ഞാറൻ മേഖലയിൽ 62 ഏക്കറിലായുള്ള മൃഗശാലയിൽ കടുവ, സിംഹം, ചീറ്റ തുടങ്ങി നിരവധി മൃഗങ്ങളെ പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇവിടെ ഒരു ജീവനക്കാരിയെ മുതല ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.