മൂന്ന് യുവാക്കൾ ചേർന്ന് തീകൊളുത്തി, 70 ശതമാനം പൊള്ളലേറ്റു; പെൺകുട്ടിക്ക് ദാരുണാന്ത്യം

Sunday 03 August 2025 9:07 AM IST

ഭുവനേശ്വർ: ഒഡീഷയിൽ യുവാക്കൾ തീകൊളുത്തിയ പതിനഞ്ചുകാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒഡീഷയിലെ പുരി ജില്ലയിൽ ജൂലായ് പത്തൊൻപതിനായിരുന്നു മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ തീകൊളുത്തിയത്.

ഭാർഗവി നദിയുടെ തീരത്താണ് സംഭവം നടന്നത്. പെൺകുട്ടിക്ക് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ പിപിലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം അധികം വൈകാതെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റി. ജൂലായ് ഇരുപതിന് വിദഗ്ദ ചികിത്സയ്ക്കായി പെൺകുട്ടിയെ ഡൽഹിയിലെ എയിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

അജ്ഞാതരായ മൂന്ന് പേർ മകളെ തട്ടിക്കൊണ്ടുപോയി തീകൊളുത്തി എന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് നടന്നുവരുന്നതിനിടയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.

അതേസമയം, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. 'പെൺകുട്ടിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. പൊലീസ് അങ്ങേയറ്റം ആത്മാർത്ഥയോടെയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം അവസാന ഘട്ടത്തിലെത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കില്ല. അതിനാൽ ഈ വിഷയത്തിൽ സെൻസിറ്റീവായ പരാമർശങ്ങൾ നടത്തരുതെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,' ഒഡീഷ പൊലീസ് എക്സിൽ കുറിച്ചു.