ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ച ഭീകരന്റെ സംസ്‌കാരച്ചടങ്ങിൽ ലഷ്‌‌കർ  കമാൻഡർ; ബന്ധുക്കൾക്കുനേരെ തോക്കുചൂണ്ടി

Sunday 03 August 2025 12:03 PM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷൻ 'മഹാദേവിനിടെ' കൊല്ലപ്പെട്ട പഹൽഗാം ഭീകരൻ താഹിർ ഹബീബിന്റെ സംസ്‌കാരച്ചടങ്ങിൽ ലഷ്‌‌കർ കമാൻഡർ പങ്കെടുത്തതായി വിവരം. താഹിറിന്റെ സംസ്‌കാരം പാക് അധിനിവേശ കാശ്‌‌മീരിൽ നടന്നതായാണ് റിപ്പോർട്ടുകൾ. പാക് അധിനിവേശ കാശ്‌മീരിലെ റാവൽകോട്ടിലെ ഖായി ഗാലയിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ ലഷ്‌കർ കമാൻഡർ റിസ്വാൻ ഹനീഫ് ആണ് പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്.

അതേസമയം, ലഷ്‌‌കർ കമാൻഡർ സംസ്‌‌കാരച്ചടങ്ങിൽ പങ്കെടുത്തത് താഹിറിന്റെ കുടുംബം എതിർത്തുവെന്നും ഇത് സംഘർഷത്തിൽ കലാശിച്ചതായും വിവരമുണ്ട്. വിലാപയാത്രക്കായി എത്തിയ പ്രദേശവാസികൾക്കുനേരെ ലഷ്‌കർ ഭീകരർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുള്ള റിപ്പോർട്ടുകൾ.

പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെയാണ് ജമ്മു കാശ്‌മീരിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ദരയിലെ ലിഡ്‌വാസ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ സൈനിക നടപടി. ആർമി, സിആർപിഎഫ്, ജമ്മു കാശ്‌മീർ പൊലീസ് എന്നിവർ ഓപ്പറേഷനിൽ പങ്കാളികളായിരുന്നു. ഏറ്റുമുട്ടലിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഭീകരനുമായ ഹാഷിം മൂസ എന്ന സുലൈമാൻ ഷായെ സൈന്യം വധിച്ചിരുന്നു. ഹാഷിം മൂസയെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം ജമ്മു കാശ്‌മീർ പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഭീകരരിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുത്തിരുന്നു.