പുതുച്ചേരിക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണം വിട്ടു, നർത്തകിയ്ക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
Sunday 03 August 2025 12:57 PM IST
ചെന്നൈ: തമിഴ്‌നാട്ടിലെ ചിദംബരത്ത് കടലൂർ അമ്മപ്പെട്ടൈ ബൈപാസിൽ കാർ നിയന്ത്രണം വിട്ട് മലയാളി നർത്തകി കൊല്ലപ്പെട്ടു. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. ഗൗരിയും എട്ട് പേരടങ്ങുന്ന സുഹൃത്തുകളുമാണ് കാറിലുണ്ടായിരുന്നത്. പുതുച്ചേരിയിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ബൈപാസിനടുത്തുള്ള റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ ഗൗരി നന്ദ മരണപ്പെട്ടു. തൃശൂർ സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), വൈശാൽ (27) എറണാകുളം സ്വദേശികളായ സുകില (20), അനാമിക (20) എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ കടലൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.