ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Sunday 03 August 2025 4:00 PM IST

ബംഗളൂരു: മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ ബലാത്സംഗത്തിനിരയായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്‌റഫ് അറസ്റ്റിലായി. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. അഷ്‌റഫിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെൺകുട്ടി. സംഭവത്തെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തുദിവസം മുൻപാണ് അഷ്‌റഫിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസം ആരംഭിച്ചതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. തിങ്കളാഴ്‌ച രാത്രി മുറിയിലെത്തിയ അഷ്‌റഫ് സഹകരിച്ചാൻ മാത്രമേ ഭക്ഷണം നൽകൂവെന്നും താമസിക്കാൻ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇത് എതിർത്തപ്പോൾ അഷ്‌റഫ് നിർബന്ധിച്ച് കാറിൽ കയറ്റുകയും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്.

ലൊക്കേഷൻ സുഹൃത്തിന് അയയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. അർദ്ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. പിന്നീട് രാത്രി ഒന്നരയ്ക്കും രണ്ടേക്കാലിനും ഇടയിൽ അഷ്‌റഫ് വീട്ടിൽ കൊണ്ടാക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.