യുഎസിലെ ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ കാണാതായ നാല് ഇന്ത്യൻ വംശജർ മരിച്ചനിലയിൽ

Sunday 03 August 2025 4:57 PM IST

വാഷിംഗ്‌ടൺ: വെസ്റ്റ് വിർജീനിയയിലെ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ന്യൂയോർക്കിൽ നിന്നുള്ള നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തിയതായി മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ദോഗർട്ടി. വാഹനാപകടത്തിലാണ് നാലുപേരും മരിച്ചതെന്നാണ് വിവരം. ആശ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് മരിച്ചത്. ജൂലായ് 29ന് പെൻസിൽവാനിയയിലെ ഒരു ബർഗർ കിംഗ് കേന്ദ്രത്തിലായിരുന്നു ഇവരെ അവസാനമായി കണ്ടത്.

വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിലുള്ള ബഫല്ലോയിൽ നിന്ന് പ്രഭുപാദരുടെ പാലസ് ഓഫ് ഗോൾഡിലേയ്ക്ക് പോവുകയായിരുന്നു നാലുപേരും. ന്യൂയോർക്ക് ലൈസൻസുള്ള ടൊയോട്ട കാറിലായിരുന്നു യാത്ര. ബർഗർ കിംഗിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ കാണാതായവരിൽ രണ്ടുപേർ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് പതിഞ്ഞിരുന്നു. ഇവരുടെ അവസാന ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനും ഇതേ സ്ഥലത്തുനിന്നാണെന്നും കണ്ടെത്തിയിരുന്നു. കാണാതായ നാല് പേരെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഹെർട്ടി സ്ഥിരീകരിച്ചു.

ശനിയാഴ്ച രാത്രി 9.30ഓടെ (പ്രാദേശിക സമയം) ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ കുത്തനെയുള്ള ഒരു പാറക്കെട്ടിൽ നിന്ന് കാണാതായവരെയും അപകടത്തിൽപ്പെട്ട വാഹനത്തെയും കണ്ടെത്തിയതായി ഷെരീഫ് അറിയിച്ചു. അപകടത്തിൽ ഷെരീഫ് ഡൗഹെർട്ടി അനുശോചനം രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയായതിനുശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഹെർട്ടി വ്യക്തമാക്കി.