വിലക്കയറ്റത്തിൽ തിളച്ച് ബിരിയാണി അരി വില

Monday 04 August 2025 1:33 AM IST

കോട്ടയം : ബിരിയാണി പ്രേമികളെ നിരാശയിലാക്കി കയമ അരിയുടെ വില കുതിക്കുന്നു. കഴിഞ്ഞ 3 മാസത്തിനിടെ 35 രൂപവരെയാണ് വർദ്ധനവ്. നിലവിൽ 180 രൂപ വരെയാണ് വില. രണ്ടാഴ്ചയ്ക്കകം 200 ലെത്തുമെന്നാണ് കണക്ക് കൂട്ടൽ.

ഹോട്ടലുകളിലും ഓൺലൈൻ ഭക്ഷണസൈറ്റുകളിലും ഏറ്റവുമധികം വിറ്റുപോകുന്നത് ബിരിയാണിയാണ്. വെളിച്ചെണ്ണ വില വർദ്ധനയ്‌ക്കൊപ്പം അരിയുടെ വില കൂടിയതോടെ ഹോട്ടലുകളും കാറ്ററിംഗ് മേഖലകളിലുള്ളവരും പ്രതിസന്ധിയിലാണ്. ഇതോടെ വിലനിലവാരം കുറഞ്ഞ അരി ഉപയോഗിച്ച് ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കേണ്ട അവസ്ഥയാണ്. ഇത് 130 രൂപയ്‌ക്ക് കിട്ടും. പൊതുവെ വിലക്കുറവുള്ള കോലയ്ക്കും ബസുമതി ഇനങ്ങൾക്കും ഡിമാൻഡും വിലയും കൂടി.

 ചതിച്ചത് കാലാവസ്ഥ

ബംഗാളിൽനിന്നാണ് കയമ അരി എത്തുന്നത്. കാലാവസ്ഥവ്യതിയാനം കൃഷിമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആന്ധ്ര, നാഗ്പൂർ, പഞ്ചാബ്, കാശ്മീർ, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ബസുമതി, കോല ഇനം അരികൾ എത്തുന്നത്. മഴ കാരണം വിത്തിറക്കാൻ സാധിക്കാത്തതും ഉത്പാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമായതെന്ന് കരുതപ്പെടുന്നു. കയറ്റുമതി കൂടിയതും വൻകിടക്കാർ അരി ശേഖരിച്ചുവച്ചതും വിലക്കയറ്റത്തിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു. കയമ അരിയാക്കി മാറ്റിയ ശേഷം 2 വർഷം വരെ സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് യഥാർത്ഥ രുചി ലഭിക്കുക. ക്ഷാമം കാരണം വിളവെടുപ്പ് കഴിഞ്ഞയുടനെ അരി വിപണിയിൽ എത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കും.