'അഭിനയത്തിന് അളവ് കോൽ ഉണ്ടോ?​ അതല്ല ഇത്ര പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ?​ '

Sunday 03 August 2025 7:01 PM IST

മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് നടി ഉർവശി. എല്ലാകൊണ്ടും വളരെ നല്ലൊരു അനുഭവമാണ് 'ഉള്ളൊഴുക്ക്' എന്ന സിനിമ തന്നതെന്നും നടി ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. മികച്ച നടിക്കുള്ള അവാർഡ് കിട്ടാത്തതിൽ ഒരു സങ്കടവും തനിക്കില്ലെന്നും പ്രേക്ഷകർ തന്നെ ഏറ്റെടുക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഉർവശി വ്യക്തമാക്കി.

'ഞാൻ ഇപ്പോഴും എന്താണ് ഒരു അവാർഡിന്റെ മാനദണ്ഡമെന്ന് ചിന്തിക്കാറുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഇത് നിർണയിക്കുന്നതെന്ന് ആലോചിക്കാറുണ്ട്. അഭിനയത്തിന് അളവ് കോൽ ഉണ്ടോ?​ അതല്ല ഇത്ര പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ?​ ലീഡ് റോളിനെ എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അത് ആരെങ്കിലും പറഞ്ഞുതരണം. കേന്ദ്ര ഗവൺമെന്റ് ആയാലും സംസ്ഥാന ഗവൺമെന്റ് ആയാലും അത് വ്യക്തമാക്കണം'- ഉർവശി പറഞ്ഞു.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെയാണ് ഉർവശി അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ അവാർഡിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ 'ഉള്ളൊഴുക്ക്' മികച്ച മലയാള സിനിമയായി. ഇതാദ്യമായല്ല, ഉർവശി ദേശീയ അവാർഡിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2006ൽ 'അച്ചുവിന്റെ അമ്മ'യിലെ അഭിനയത്തിന് ലഭിച്ച ദേശീയ അവാർഡും സഹനടിക്കുള്ളതായിരുന്നു. അന്ന് ജൂറി അംഗമായിരുന്ന ബി.സരോജാദേവി ഉർവശിയാണ് മികച്ച നടിയെന്ന് വാദിച്ചു. മറ്റ് ജൂറി അംഗങ്ങൾ ചിത്രത്തിൽ നായിക ഉർവശിയല്ലന്ന വാദം മുന്നോട്ടു വച്ചു. അച്ചുവല്ല, അച്ചുവിന്റെ അമ്മയാണ് കേന്ദ്രകഥാപാത്രമെന്ന് സരോജദേവി വാദിച്ചെങ്കിലും മറ്റെല്ലാവരും വാദിച്ച കങ്കണ റണൗട്ട് (തനു വെഡ്സ് മനു റിട്ടേൺ) മികച്ച നടിയായി. അവാർഡ് വാങ്ങാനെത്തിയ ഉർവശിയോട് സരോജാദേവി തന്നെയാണ് ജൂറിയിലുണ്ടായ തർക്കം പറഞ്ഞത്.