തായമ്പക മഹോത്സവം കൊടിയിറങ്ങി

Monday 04 August 2025 12:04 AM IST
പോത്താങ്കണ്ടം ആനന്ദഭവനം പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ചുവന്ന മൂന്നാമത് തായമ്പക മഹോത്സവത്തിന് സമാപനം കുറിച്ച് ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി, ശുകപുരം രഞ്ജിത് എന്നിവർ അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക.

പയ്യന്നൂർ: പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രാങ്കണത്തിൽ നടന്നുവന്ന മൂന്നാമത് തായമ്പക മഹോത്സവത്തിന് കൊടിയിറങ്ങി. അസുര വാദ്യത്തിന്റെ താളലയ സമൃദ്ധിയുടെ എട്ടു രാവുകൾക്ക് തിരശീല വീണത് കേരളത്തിലെ അറിയപ്പെടുന്ന മൂന്നു കലാകാരന്മാരുടെ ട്രിപ്പിൾ തായമ്പകയോടെ.

പതികാലത്തിൽ തുടങ്ങി നാലു കാലങ്ങൾ കൊട്ടി അടന്തക്കുറിൽ പിറന്ന ശബ്ദാവർത്തിയുടെ സമസ്ത സൗന്ദര്യവും കാഴ്ചക്കാരന്റെ കർണ്ണപുടങ്ങളിൽ വർഷിച്ച സമാപന കൊട്ടിന് എത്തിയത് ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി, ശുകപുരം രഞ്ജിത് എന്നിവരാണ്. തുടർന്ന് സമാപന പരിപാടി ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കുഞ്ഞിരാമൻ, കൃഷ്ണൻ നടുവിലത്ത് എന്നിവർ പങ്കെടുത്തു.

വിവിധ ദിവസങ്ങളിൽ കല്ലൂർ ഉണ്ണികൃഷ്ണൻ, ചെർപ്പുളശ്ശേരി രാജേഷ് എന്നിവരുടെ ഇരട്ടത്തായമ്പക, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ എന്നിവരുടെ ഇരട്ട മിഴാവിന്മേൽ തായമ്പക, മാർഗ്ഗി രഹിത കൃഷ്ണദാസിന്റെ തായമ്പക, ജയൻ തിരുവില്വാമലയുടെ വില്ലിലും ഇടയ്ക്കയിലും തായമ്പക, പനാവൂർ ശ്രീഹരിയുടെ തായമ്പക, പോരൂർ ഉണ്ണികൃഷ്ണൻ, അത്തലൂർ ശിവൻ എന്നിവരുടെ ഇരട്ട തായമ്പക, തൃത്താല ശങ്കരകൃഷ്‌ണൻ, തൃത്താല ശ്രീനി എന്നിവരുടെ ഇരട്ട തായമ്പക, കലാമണ്ഡലം ദേവരാജൻ, കല്ലൂർ ജയൻ എന്നിവരുടെ ഇരട്ടത്തായമ്പക എന്നിവ അരങ്ങേറി.