ലഹരി കടത്തൽ കേന്ദ്രങ്ങളായി അതിർത്തി ചെക്ക് പോസ്റ്റുകൾ

Monday 04 August 2025 1:18 AM IST

ഉദിയൻകുളങ്ങര: ഓണക്കാലത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എക്സൈസ് ഓണക്കാല സ്പെഷ്യൽ ഡ്രൈവ് എന്ന പേരിൽ ഇന്ന് ആരംഭിക്കും. തീവ്ര പരിശോധനകൾ സെപ്തംബർ 10 വരെ രാവിലെ 6 മുതൽ രാത്രി 12 വരെ നടക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിർദ്ദേശപ്രകാരം എല്ലാ ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥർ കൃത്യമായി യൂണിഫോം ധരിക്കണമെന്നും രാത്രികാലങ്ങളിലെ പരിശോധനകൾക്ക് റിഫ്ലക്ട് ജാക്കറ്റുകൾ ധരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ നടപ്പിലായി കാണുന്നില്ല.

അതിർത്തി ചെക്ക് പോസ്റ്റുകളിൽ പ്രധാനമായ അമരവിള ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്ക് വനിതകളില്ലെന്ന കേരളകൗമുദിയുടെ നിരന്തര വാർത്തകളെ തുടർന്ന് കേരളത്തിൽ ആദ്യമായി വനിതകളെ നിയമിച്ചെങ്കിലും രാത്രികാല പരിശോധനയ്ക്ക് ഇവരില്ല. രാത്രികാല പരിശോധനകൾക്ക് ചെക്ക് പോസ്റ്റിനു സമീപം വേണ്ടത്ര വെളിച്ചമില്ലാത്തതും നിലവിലുള്ള എൽ.ഇ.ഡി സിഗ്നലുകൾ അടക്കമുള്ളവ സ്ഥാപിക്കാത്തതും കാരണം അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് ഉദ്യോഗസ്ഥരെ കാണാനാകാത്തതിനാൽ ജീവൻ ഭയന്നാണ് രാത്രികാലങ്ങളിൽ പരിശോധനയ്ക്കിവർ നിൽക്കുന്നത്.

വനിതാ ഉദ്യോഗസ്ഥർ വേണം

ആറ്റുപുറം,ആറ്റു കടവ്,അറക്കുന്ന്,അരുവിപ്പുറം തുടങ്ങിയ ജില്ലയിലെ 46 ഓളം ചെക്ക് പോസ്റ്റുകളിൽ ദിവസേന ഒരു ഉദ്യോഗസ്ഥൻ മാത്രമേ പരിശോധനയ്ക്ക് ഉണ്ടാകാറുള്ളു. ടൂറിസ്റ്റുകളും തീരദേശവും അതിർത്തി പങ്കിടുന്ന ആറ്റുപുറം ചെക്ക് പോസ്റ്റിൽ വനിതാ ഉദ്യോഗസ്ഥർ ആത്യാവശ്യമാണ്.

ലഹരി കടത്ത് വ്യാപകം

അതിർത്തി വഴി വനിതകളെ ഉപയോഗിച്ച് ലഹരിക്കടത്ത് സജീവമാക്കുന്നതായാണ് സുചന. വനിതാ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പരിശോധനകൾ പരിമിതമാണ്. സമീപപ്രദേശങ്ങളിലെ റെയിഞ്ച് ഓഫീസുകളിലെ പരിശോധനകളും പെട്രോളിംഗ് വാഹനങ്ങളുടെ അപര്യാപ്തതയും ലഹരി കടത്തുകാർക്ക് സൗകര്യമുണ്ടാക്കുന്നതുപോലെയാണ്. തമിഴ്നാട് വഴി അതിർത്തിയിലെത്തിയാൽ കീഴാറൂർ പാലം,മൈലച്ചിൽ വഴി ഒറ്റശേഖരമംഗലത്തും,പെരുങ്കടവിളയിൽ നിന്നും കാട്ടാക്കട, നെടുമങ്ങാട്, വെള്ളറട , നേട്ട,ആനപ്പാറ എന്നീ ഭാഗങ്ങളിലൂടെ പരിശോധനകളില്ലാതെ രക്ഷപ്പെട്ടു പോകാനാകും.

പരിശോധനകൾ നാമമാത്രം നെയ്യാർഡാം,മൈലക്കര ഭാഗത്ത് എക്സൈസ് ചെക്ക് പോസ്റ്റുണ്ടെങ്കിലും 500 മീറ്റർ അകലെയുള്ള മറ്റൊരു റോഡിലൂടെയും കടത്തുകാർക്ക് പോകാനാകുന്നതുകൊണ്ട് ജില്ലയിലേക്ക് ലഹരിക്കടത്ത് വ്യാപിക്കാനിടയാകുന്നുണ്ട്. കാരോട് ബൈപ്പാസിൽ ദിവസങ്ങൾക്ക് മുമ്പ് കൈക്കുഞ്ഞുമായി കാറിലെത്തിയ ഒരു വനിതയെയും രണ്ട് യുവാക്കളെയും എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയിരുന്നു.