സാമ്പത്തിക തട്ടിപ്പ്; ജില്ലാ പഞ്ചായത്തംഗം ടി.പി.ഹാരിസിനെ റിമാൻഡ് ചെയ്തു
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളിൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ജില്ലാ പഞ്ചായത്തംഗം ടി.പി.ഹാരിസിനെ റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
സാമ്പത്തിക തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിൽ വിദേശത്തായിരുന്ന ഹാരിസിനെതിരെ മലപ്പുറം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ ദുബായിയിൽ നിന്ന് മുംബൈയിലെത്തിയ ഹാരിസിനെ എമിഗ്രേഷൻ വിഭാഗം പിടികൂടി മുംബൈ സഹർ പൊലീസിന് കൈമാറുകയായിരുന്നു. ഹാരിസിനെ കൊണ്ടുവരാനായി എസ്.ഐ ടി.ടി.ഹനീഫയുടെ നേതൃത്വത്തിൽ എ.എസ്.ഐ വിജയൻ, എസ്.സി.പി.ഒ സിറാജുദ്ദീൻ എന്നിവരടങ്ങുന്ന സംഘം ശനിയാഴ്ച മുംബൈയിലെത്തിയിരുന്നു.
അന്ധേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ്‌കോടതിയിൽ ഹാജരാക്കിയ ഹാരിസിനെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ രാവിലെ വിമാന മാർഗം കരിപ്പൂരിലത്തിച്ചു. വൈദ്യ പരിശോധന പൂർത്തിയാക്കി രാവിലെ 11.40നാണ് മലപ്പുറം പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. സി.ഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയായിരുന്നു.