അധിക ലഗേജിന് ഫീസ് ചോദിച്ചു, വിമാന ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ

Monday 04 August 2025 12:12 AM IST

ന്യൂഡൽഹി: അധിക ലഗേജിന് ഫീസ് അടയ്ക്കണമെന്ന് പറഞ്ഞതിന് വിമാനക്കമ്പനി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ. ആക്രമണത്തിൽ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനുമുൾപ്പെടെ പരിക്കുണ്ട്. നട്ടെല്ലിന് ഒടിവുണ്ടെന്ന് അധികൃതർ അറിയിച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ കഴിഞ്ഞ 26നാണ് സംഭവം. ഡൽഹിയിലേക്കുള്ള എസ്.ജി 386 വിമാനത്തിൽ പുറപ്പെടാൻ എത്തിയതാണ് സൈനിക ഉദ്യോഗസ്ഥൻ. 16 കിലോയുള്ള ലഗേജുമായാണ് വന്നത്. എന്നാൽ ആഭ്യന്തര വിമാനങ്ങളിൽ ഏഴ് കിലോയിൽ കൂടുതൽ ഭാരമുള്ള ക്യാബിൻ ലഗേജിന് അധിക ചാർജ് ഈടാക്കുമെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ സൈനിക ഉദ്യോഗസ്ഥൻ ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു. ക്യൂ സ്റ്റാൻഡ് എടുത്ത് അടിച്ചു. ഇതോടെ ഒരാൾ ബോധരഹിതനായി വീണു. എന്നിട്ടും മർദ്ദനം തുടർന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വധശ്രമ കുറ്റമടക്കം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി എയർലൈൻ നൽകിയിട്ടുണ്ട്. ബോർഡിംഗ് നടപടികൾ പൂർത്തിയാക്കാതെ എയറോബ്രിഡ്ജിലേക്ക് ബലമായി പ്രവേശിക്കുകയും ചെയ്തു. ഇത് വ്യോമയാന സുരക്ഷാ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. സംഭവത്തിൽ സൈന്യവും അന്വേഷണം ആരംഭിച്ചു.