ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണം, തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധിക്കാൻ 'ഇന്ത്യ'
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആർ) 'ഇന്ത്യ" മുന്നണി പ്രതിഷേധം ശക്തിപ്പെടുത്തും. ആഗസ്റ്റ് 8ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ പാർട്ടികൾ പ്രകടനം നടത്തും. യഥാർത്ഥ വോട്ടർമാരെ പുറത്താക്കുകയാണെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുമ്പോൾ പട്ടികയിൽ നിന്ന് പുറത്തായതായി ആരും പരാതിപ്പെട്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇന്ന് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം വിഷയമുയർത്തും. എസ്.ഐ.ആർ ചർച്ച ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതിനാൽ ഈയാഴ്‌ചയും ഇതേ ചൊല്ലി സഭ സ്‌തംഭിച്ചേക്കും. കഴിഞ്ഞ വെള്ളിയാഴ്‌ച രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങളും മാർഷൽമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു.
രാഹുലിന്റെ വിരുന്ന്
തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടക്കം വിഷയങ്ങൾ ചർച്ച ചെയ്യാൻ ഏഴിന് രാഹുൽ ഗാന്ധി 'ഇന്ത്യ" നേതാക്കൾക്കായി അത്താഴ വിരുന്ന് നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉലഞ്ഞ മുന്നണി ബീഹാർ വിഷയത്തിന്റെ പേരിൽ ഒന്നിച്ച സാഹചര്യത്തിലാണിത്. രാഹുലിന്റെ ഔദ്യോഗിക വസതിയായ 5, സുൻഹേരി ബാഗിൽ നടക്കുന്ന ആദ്യ മുന്നണി യോഗമാണിത്. തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് ശേഖരിച്ച തെളിവുകൾ രാഹുൽ വിശദീകരിക്കും. കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് 5ന് ബംഗളൂരുവിൽ കോൺഗ്രസ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. ചില വെളിപ്പെടുത്തലുകൾ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.സെപ്റ്റംബർ 9 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രാഥമിക ചർച്ചയും നടക്കും.
തമിഴ്നാട്ടിലും വിവാദം
ബീഹാറിൽ നിന്നുള്ള 6.5 ലക്ഷം പേരെ തമിഴ്നാട്ടിലെവോട്ടർ പട്ടികയിൽ ചേർക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെ ശക്തമാ എതിർപ്പുമായി
ഡി.എംകെ. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമെന്ന് ആരോപിച്ചു. ബീഹാറിൽനിന്നുള്ള 'സ്ഥിരം'കുടിയേറ്റ തൊഴിലാളികളായതിനാൽ പുതിയതായി 6.5 ലക്ഷം പേരെ തമിഴ്നാട്ടിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. സംഭവത്തെ 'ഇന്ത്യ' നേതാക്കൾ അപലപിച്ചു. ആശങ്കാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചു. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പറഞ്ഞു.
എസ്.ഐ.ആർ നടപടികളുടെ ഭാഗമായി ആരും വോട്ടർ പട്ടികയിൽ നിന്ന് പുറത്തുപോയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 3 വരെ, ഒരു രാഷ്ട്രീയ പാർട്ടിയും ഒരു അവകാശവാദമോ എതിർപ്പോ ഫയൽ ചെയ്തിട്ടില്ല. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട് ജൂണിൽ അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല
-തിരഞ്ഞെടുപ്പ് കമ്മിഷൻ