യു.പിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് 11 മരണം

Monday 04 August 2025 12:14 AM IST

ലഖ്‌നോ: ഉത്തർ പ്രദേശിൽ തീർത്ഥാടക സംഘം സഞ്ചരിച്ച എസ്.യു.വി കാർ കനാലിലേക്ക് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ഗോണ്ട ജില്ലയിലെ ബെൽവ ബഹുതയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. അയോദ്ധ്യയിലെ പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഇവർ. അമിത വേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്. 11 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മുങ്ങൽ വിദഗ്ദ്ധരുൾപ്പെടെയെത്തി. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം കരയ്ക്കെത്തിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദ്ദേശം നൽകി. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ അനുശോചനം അറിയിച്ചു.