അഹമ്മദാബാദ്-മുംബയ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിൽ
ന്യൂഡൽഹി: മുംബയ്‌ക്കും അഹമ്മദാബാദിനും ഇടയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസിനുള്ള നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. പദ്ധതി യാഥാർത്ഥ്യമായാൽ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 2 മണിക്കൂർ 7 മിനിറ്റ് (127 മിനിറ്റ്) ആയി കുറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ വാപിക്കും സബർമതിക്കും ഇടയിലുള്ള പാത 2027 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് മന്ത്രി നേരത്തെ പാർലമെന്റിൽ അറിയിച്ചിരുന്നു. ബാക്കി ഭാഗം 2029 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. പദ്ധതിക്ക് 1,08,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുംബയ്‌ക്കും അഹമ്മദാബാദിനും ഇടയിൽ 12 സ്റ്റേഷനുകളുണ്ടാകും. ബുള്ളറ്റ് ട്രെയിൻ പാതയ്‌ക്കായുള്ള അതിവേഗ ട്രെയിനുകളുടെ രൂപകൽപ്പന, നിർമ്മാണം എന്നിവയ്‌ക്കുള്ള കരാർ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് നൽകിയിരുന്നു.