ഗഡ്കരിയുടെ നാഗ്പുരിലെ വസതിക്ക് ബോംബ് ഭീഷണി

Monday 04 August 2025 12:16 AM IST

നാഗ്പുർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ വസതിക്കുനേരെ വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 8.45 ഓടെ നാഗ്പൂർ സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശമെത്തുകയായിരുന്നു.

വാർധാ റോഡിൽ സ്ഥിതിചെയ്യുന്ന ഗഡ്കരിയുടെ വസതിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും പത്തുമിനിറ്റിനകം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.

പൊലീസ് സംഘം ഗഡ്കരിയുടെ വസതിയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. സന്ദേശം വ്യാജമാണെന്ന് വ്യക്തമായതോടെ കോൾ വന്ന മൊബൈൽ നമ്പറിന്റെ ഉടമയേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും പിന്നാലെ ഉമേഷ് വിഷ്ണു റൗട്ട് എന്നയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.