പൊള്ളലേറ്റ് മരിച്ച ഒഡീഷ പെൺകുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Monday 04 August 2025 12:17 AM IST

ന്യൂഡൽഹി: ഗുരുതരമായി പൊള്ളലേറ്റ് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ച ഒഡീഷ സ്വദേശിയായ 15കാരിയുടെ മൃതദേഹം ഭുവനേശ്വറിലെത്തിച്ചു. ഒഡീഷയിലെ പുരി ജില്ലയിൽ പെൺകുട്ടിയെ ചിലർ തീകൊളുത്തിയെന്നാണ് ആദ്യം വാർത്ത വന്നത്. എന്നാൽ മകൾ ആത്മഹത്യ ചെയ്‌തതാണെന്ന് പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

75 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ശനിയാഴ്‌ചയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ജൂലായ് 19ന് സുഹൃത്തുക്കളോടൊപ്പം നടക്കവെ ചിലർ തട്ടിക്കൊണ്ടുപോയി തീകൊളുത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് പെൺകുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു. ഇതോടെ സംഭവം സംസ്ഥാനത്ത് വിവാദ വിഷയമായി. പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിലും ദുരൂഹതയുണ്ടായിരുന്നു. എന്നാൽ മറ്റാരും ഉൾപ്പെട്ടതിന് തെളിവില്ലെന്ന് പൊലീസ് പറഞ്ഞു.

മാനസിക സമ്മർദ്ദവും വിഷാദവും മൂലം മകൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പിതാവ് വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തിയത്. അവൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. വിഷയം രാഷ്ട്രീയവൽക്കരുത്. മകളുടെ ആത്മാവിനായി പ്രാർത്ഥിക്കണം-പിതാവ് പറഞ്ഞു. വിദഗ്‌‌ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ജൂലായ് 20നാണ് ഡൽഹിയിലെത്തിച്ചത്.