കന്യാസ്‌ത്രീകളെ പിന്തുണച്ച് പെൺകുട്ടിയുടെ അമ്മ

Monday 04 August 2025 1:18 AM IST

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്‌ത്രീകളെ പിന്തുണച്ച് മൂന്ന് പെൺകുട്ടികളിൽ ഒരാളായ കമലേശ്വരി പ്രധാന്റെ മാതാവ് ബുദ്ദിയ പ്രധാൻ. തങ്ങൾ അഞ്ചു വർഷമായി ക്രിസ്‌തുമത വിശ്വാസികളാണ്. കുടുംബത്തിലെ കടം വീട്ടാനാണ് സിസ്റ്റർമാർക്കൊപ്പം മകളെ വീട്ടുജോലിക്ക് വിട്ടത്.

കന്യാസ്‌ത്രീകൾ അറസ്റ്റിലായ ശേഷം ബജ്‌റംഗ്‌‌ദൾ പ്രവർത്തകർ നിരന്തരം ഭീഷണിപ്പെടുത്തി. വീട് നിർമ്മിക്കാനെടുത്ത അഞ്ചു ലക്ഷം രൂപയുടെ വായ്‌പ തിരിച്ചടയ്‌ക്കാൻ തങ്ങളുടെ സമ്മതത്തോടെയാണ് മകളെ വിട്ടത്. ഗ്രാമത്തിൽ പെൺകുട്ടികൾ ഇങ്ങനെ പുറത്തുപോകാറുണ്ട്. സർക്കാരിന്റെ അനുമതി വാങ്ങാറില്ലെന്നും അവർ പറഞ്ഞു. സിസ്റ്റർമാർ തെറ്റു ചെയ്‌തിട്ടില്ലെന്നും ബലം പ്രയോഗിച്ച് കൊണ്ടുപോയതല്ലെന്നും കമലേശ്വരിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ജ്യോതി ശർമ ഉൾപ്പെടെ ബജ്‌‌റംഗ്‌ദൾ പ്രവർത്തകർക്കെതിരെയുള്ള പെൺകുട്ടികളുടെ പരാതി നേരത്തെ നാരായൺപുർ എസ്.പി അധികാര പരിധി ചൂണ്ടിക്കാട്ടി സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് ഇവർ ഒാർച്ച പൊലീസ് സ്റ്റേഷനിൽ നൽകിയത്. ഇതോടെ പെൺകുട്ടികളെ ആക്രമിച്ചിട്ടില്ലെന്ന വാദവുമായി ജ്യോതി ശർമ്മ രംഗത്തു വന്നു.