500ലേറെ വർഷം നിദ്ര‌യിൽ, റഷ്യയിലെ ക്രാഷെനിനികോവ് അഗ്നിപർവതം പൊട്ടിത്തെറിച്ചു

Monday 04 August 2025 6:40 AM IST

മോസ്‌കോ: റഷ്യയിലെ കുറിൽ ഐലൻഡ്സിൽ ഇന്നലെ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിന് പിന്നാലെ, വമ്പൻ അഗ്നിപർവത സ്ഫോടനം. ആളപായമോ നാശനഷ്ടമോ ഇല്ല. 500ലേറെ വർഷമായി നിദ്ര‌യിലായിരുന്ന കാംച‌റ്റ്‌ക ഉപദ്വീപിലെ ക്രാഷെനിനികോവ് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ശക്തമായ പുകയും ചാരവും 19,700 അടി ഉയരത്തിൽ ആകാശത്തേക്ക് തെറിച്ചു.

അഗ്നിപർവ്വതത്തിൽ നിന്ന് കിഴക്കൻ ദിശയിൽ, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾക്ക് മുകളിലൂടെ പസഫിക് സമുദ്രം ലക്ഷ്യമാക്കിയാണ് പുക മേഘങ്ങൾ നീങ്ങുന്നത്. ജനവാസ കേന്ദ്രങ്ങളിൽ ചാരം പതിച്ചതായുള്ള റിപ്പോർട്ടുകളില്ല. ഇതുവഴിയുള്ള വ്യോമഗതാഗതം തടസപ്പെടാമെന്ന് മുന്നറിയിപ്പ് നൽകി. 1463ലാണ് 1,856 മീറ്റർ ഉയരമുള്ള ക്രാഷെനിനികോവ് അഗ്നിപർവ്വതം അവസാനമായി പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. അതേ സമയം, ഭൂചലന പശ്ചാത്തലത്തിൽ റഷ്യൻ എമർജൻസി സർവീസ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിൻവലിച്ചു.

കഴിഞ്ഞ ബുധനാഴ്ച റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കാംച‌റ്റ്‌ക ഉപദ്വീപിന് സമീപം കടലിനടിയിൽ ഭൂകമ്പമുണ്ടായത് റഷ്യ, ജപ്പാൻ, യു.എസ് തീരങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിക്കാൻ ഇടയാക്കിയിരുന്നു. പിന്നാലെ കാംച‌റ്റ്‌കയിലെ തന്നെ കല്യൂചെവ്‌സ്‌കോയ് സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. കുറിൽ ഐലൻഡ്സിൽ വെള്ളിയാഴ്ച 6.2 തീവ്രതയിലെ ഭൂചലനവും രേഖപ്പെടുത്തിയിരുന്നു.