ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവന് പള്ളിച്ചട്ടമ്പി ടീമിന്റെ ആദരം

Monday 04 August 2025 9:33 AM IST

71ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹ നടനുള്ള ദേശീയ അവാർഡ് നേടിയ വിജയരാഘവനെ പള്ളിചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകർ ആദരിച്ചു. കഴിഞ്ഞദിവസം പള്ളിച്ചട്ടമ്പിയുടെ സെറ്റിൽ നടന്ന ചടങ്ങിൽ സംവിധായാകൻ ഡിജോ ജോസ് ആന്റണി, നടൻ ടൊവിനോ തോമസ് അടക്കമുള്ള സിനിമയുടെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.

പൂക്കാലം എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് വിജയരാഘവന് ദേശീയ പുരസ്കാരം ലഭിച്ചത്. ആദ്യമായിട്ടാണ് വിജയരാഘവന് ദേശീയ അവാർഡ് ലഭിക്കുന്നത്. മലയാളത്തിൽ നിന്നും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിക്കും ലഭിച്ചിരുന്നു. വിജയരാഘവനെ ആദരിക്കുന്ന ചടങ്ങിൽ നടന്മാരായ കരമന സുധീർ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയ മറ്റ് താരങ്ങളും പങ്കെടുത്തു.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന പള്ളിച്ചട്ടമ്പി തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി ഷൂട്ട് പുരോഗമിക്കുകയാണ്. തെന്നിന്ത്യൻ താര നായിക കയദു ലോഹറാണ് ചിത്രത്തിൽ നായികായി എത്തുന്നത്. 2026 ൽ ചിത്രം തിയേറ്ററുകളിലെത്തും. സംഗീതം ജേക്സ് ബിജോയ്. വേൾഡ് വൈഡ് ആണ് നിർമ്മാണം.