അമേരിക്കൻ കമ്പനിയുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി ടെലഗ്രാമിൽ ജോലി വാഗ്‌ദാനം, യുവാവിന് നഷ്‌ടപ്പെട്ടത് 32 ലക്ഷം

Monday 04 August 2025 2:01 PM IST

മലയിൻകീഴ്: ജോലി വാഗ്ദാനം ചെയ്ത് ടെലഗ്രാമിലെത്തിയ സന്ദേശത്തെ തുടർന്ന് മലയിൻകീഴുകാരന് 32 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി മലയിൻകീഴ് പൊലീസിൽ പരാതി നൽകി. യുവാവിന്റെ അക്കൗണ്ടിൽ നിന്നും പലപ്പോഴായാണ് തുക നഷ്ടമായത്.ഇക്കഴിഞ്ഞ 16നാണ് യുവാവിന്റെ ടെലഗ്രാം അക്കൗണ്ടിൽ ജോലി വാഗ്ദാനവുമായി സന്ദേശമെത്തിയത്.

അമേരിക്കൻ കമ്പനിയുടെ ഫ്രാഞ്ചൈസിക്കായി വെബ്‌സൈറ്റ് നൽകി രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. കാനറാ ബാങ്ക് മലയിൻകീഴ് ബ്രാഞ്ച് അക്കൗണ്ട് വഴിയാണ് തുക പല ഘട്ടങ്ങളിലായി യുവാവ് അയച്ചിരുന്നത്.

വീണ്ടും പണം ആവശ്യപ്പെട്ടതോടെ താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവാവ് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ടെലിഗ്രാം,വാട്സ്ആപ്പ് അക്കൗണ്ടുകളും ട്രാൻസാക്ഷൻ ഐഡികളും ഉൾപ്പെടെ പരിശോധിച്ച മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.