ലോഡ്ജ് മുറിയില്‍ ഒമ്പതാം ക്ലാസുകാരിക്ക് പീഡനം, നേരില്‍ കണ്ടത് സഹോദരി; അമ്മയുടെ കാമുകന്‍ കുടുങ്ങി

Monday 04 August 2025 8:33 PM IST

കണ്ണൂര്‍: ഒമ്പതാം ക്ലാസി വിദ്യാര്‍ത്ഥിനിയെ ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ മാതമംഗലത്ത് കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയും അനീഷും സൗഹൃദത്തിലായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. യുവതിക്കും മക്കള്‍ക്കുമൊപ്പം കണ്ണൂര്‍ പറശിനിക്കടവില്‍ ലോഡ്ജില്‍ മുറി എടുത്ത് താമസിക്കുന്നതിനിടെയാണ് പീഡനം നടന്നത്.

ജൂണ്‍ നാലിനാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. രണ്ടാമത്തെ കുട്ടിയെയാണ് അനീഷ് പീഡിപ്പിച്ചത്. ഇത് മൂത്ത കുട്ടി നേരില്‍ക്കാണുകയും അമ്മയോട് പറയുകയും ചെയ്തു. എന്നാല്‍ നാണക്കേടാണെന്നും പുറത്ത് പറയേണ്ടെന്നുമാണ് അമ്മ മകളോട് പറഞ്ഞത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനീഷ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. പീഡനം നടക്കുന്ന സമയത്ത് ഇളയ കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

പിന്നീട് പീഡനത്തിന് ഇരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തന്നെയാണ് വിവരം പുറത്ത് പറഞ്ഞത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ട് സംശയം തോന്നിയ അദ്ധ്യാപിക കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി വിവരങ്ങള്‍ തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് നടത്തിയ ശേഷം ചൈല്‍ഡ് ലൈനില്‍ അദ്ധ്യാപകര്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. സംഭവം നടന്നതു തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയാണ് മാതമംഗലത്ത് വച്ച് അനീഷിനെ പിടികൂടിയത്.