'ശാന്തിയിടം' ഒരുങ്ങുന്നു

Tuesday 05 August 2025 1:54 AM IST

നെയ്യാറ്റിൻകര: നഗരസഭയുടെ ആദ്യ പൊതുശ്മശാനമായ 'ശാന്തിയിടം' പ്രവർത്തനത്തിന് തയ്യാറെടുക്കുന്നു. എൽ.പി.ജിയിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. നഗരസഭയിലെ പ്ലാവിള വാർഡിലെ മലഞ്ചാണി കടുവാക്കുഴി മലയിൽ ഏറ്റവും ഉയർന്നപ്രദേശത്ത് നഗരസഭ വാങ്ങിയ ഒരേക്കർ ഒന്നേകാൽ സെന്റ് സ്ഥലത്താണ് ശ്മശാനത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. 2024 ഡിസംബർ 11ന് നിർമ്മാണ പ്രവൃത്തികൾക്കു തുടക്കംകുറിച്ചു. ശ്മശാനത്തിലേക്കുള്ള റോഡും കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുഴൽക്കിണർ അടക്കമുള്ള സംവിധാനവും നഗരസഭ ഒരുക്കും.

ടെൻഡർ നടപടികൾ പൂർത്തിയായി,

ഡബിൾ ചേംബർ സൗകര്യം

ശാന്തിയിടത്തിൽ എൽ.പി.ജി ക്രിമറ്റോറിയം ചേംബർ സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മെഷീൻ സ്ഥാപിക്കുന്ന നടപടികൾ അതിവേഗം നടന്നുവരികയാണ്. ശാന്തിയിടം സെപ്തംബറിൽ പ്രവർത്തനസജ്ജമാക്കി തുറന്ന് നൽകുമെന്ന് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ അറിയിച്ചു. ഒരേസമയം രണ്ട് ചിതകൾ എൽ.പി.ജിയിൽ പ്രവർത്തിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

മൂന്നു തട്ടുകളായുള്ള

നിർമ്മാണ പ്രവർത്തനം

മലഞ്ചാണി മലയുടെ പ്രകൃത്യാലുള്ള പ്രത്യേകതകൾ കണക്കിലെടുത്ത് ഒരേക്കർ സ്ഥലത്തെ മൂന്നു തട്ടുകളായി തിരിച്ചാണ് നിർമ്മാണം നടത്തുന്നത്. ഏറ്റവും മുകളിലത്തെ തട്ടിലാണ് ശ്മശാനം നിർമിക്കുന്നത്. രണ്ടും മൂന്നും തട്ടുകളിലായി വാഹന പാർക്കിംഗും പാർക്കും ഇരിപ്പിടങ്ങളും അനുസ്മരണയോഗങ്ങൾ നടത്താനുള്ള വേദിയും ഒരുക്കും. മലമുകളിൽ നിന്നുള്ള നഗരത്തിന്റെ വിദൂര കാഴ്ചയും, സന്ധ്യാസമയത്തെ സൂര്യാസ്തമയവും കാണുന്നതിനായി വ്യൂപോയിന്റും നിർമ്മിക്കും.

പരമ്പരാഗത സങ്കല്പങ്ങൾ പൊളിച്ചെഴുതി

4100 ചതുരശ്ര അടി വിസ്തീർണത്തിലാണ് 'ശാന്തിയിടം' ഉയരുന്നത്. നാലുകെട്ടുകളുടെ മേൽക്കൂരയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ശാന്തിയിടത്തിന്റെ മേൽക്കൂരയും നിർമ്മിക്കുന്നത്.

പൂക്കളും ചുമർചിത്രങ്ങളും നിറഞ്ഞ ഉദ്യാനവും, കോടമഞ്ഞുതഴുകി കിടക്കുന്ന ഭൂപ്രകൃതിയും കൂടിച്ചേർന്ന "ശാന്തിയിടം" സംസ്ഥാനത്തിന് മാതൃകയാകുമെന്ന് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ പറഞ്ഞു.