കനത്ത സുരക്ഷയിൽ തിരച്ചിൽ, ആകാംക്ഷയോടെ ജനക്കൂട്ടം

Tuesday 05 August 2025 12:17 AM IST

ചേർത്തല: ദുരൂഹസാഹചര്യത്തിൽ കാണാതായ സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെബാസ്റ്റ്യന്റെ ചെങ്ങംതറ വീട്ടിൽ തെരിച്ചിൽ നടത്തിയത് കനത്ത പൊലീസ് കാവലിൽ. രണ്ടു ദിവസമായി പൂർണമായും വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാക്കി കാവലേർപെടുത്തിയിരുന്നു.തിങ്കളാഴ്ച ചേർത്തല എ.എസ്.പി ഹരീഷ് ജയിന്റെ നേതൃത്വത്തിൽ ചേർത്തല,അർത്തുങ്കൽ,കുത്തിയതോട് പൊലീസിന്റെയും ആലപ്പുഴ എ.ആർ ക്യമ്പിൽ നിന്നുള്ള സായുധസേനയുടെയും കാവലിലായിരുന്നു വീട്. ഉച്ചക്ക് 12.40 ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യനുമായി വീട്ടിലെത്തിയത്. തുടർന്ന് ഒന്നോടെയാണ് വീട്ടുവളപ്പിൽ പലയിടത്തുമായി മണ്ണുമാന്തിയന്ത്രമുപയോഗിച്ചു കാടുവെട്ടിയും പരിശോധനകൾ നടത്തിയത്. ഡ്രോൺ പറത്തി ഇതുപകർത്താൻ ചാനൽ ശ്രമിച്ചതിലും പൊലീസ് ഇടപെട്ടു. ഡ്രോൺ പിടിച്ചെടുത്തു. വീട്ടിലേക്കും പരിസരങ്ങളിലേക്കുമുള്ള പ്രവേശനം പൂർണമായും തടഞ്ഞായിരുന്നു പരിശോധന. എല്ലാ വശങ്ങളിലും പൊലിസ് സംരക്ഷണമൊരുക്കിയിരുന്നു. വീട്ടുവളപ്പിലാകെയും കുളങ്ങളിലും സെപ്റ്റിക് ടാങ്കിലും കിണറിലും പരിശോധിച്ചു വൈകിട്ടോടെ വീടിനുള്ളിൽ പ്രത്യേക പണിക്കാരെയെത്തിച്ചു മാർബിൾ നീക്കി തറപൊളിച്ചും ഓടിളക്കി മച്ചിനുളളിലും പരിശോധനകൾ നടത്തി.

ആകാംഷയിൽ നാട്ടുകാർ,കൂളായി സെബാസ്റ്റ്യൻ

സെബാസ്റ്റ്യന്റെ വീട്ടിൽ തിരച്ചിൽ വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തി. ഓരോസമയത്തും പലതരത്തിലുള്ള കഥകൾ പ്രചരിക്കുന്നതിനാൽ ആകാംഷയുടെ മുൾമുനയിലായിരുന്നു നാട്ടുകാർ. രാത്രി 7.30ന് തിരച്ചിൽ അവസാനിക്കുന്നതുവരെ ആളുകളെത്തികൊണ്ടിരുന്നു.

പൊലീസിന്റെ സഹായത്തിനായി വീട്ടിലേക്കെത്തിയ ജനപ്രതിനിധികളോടുൾപ്പെടെ കുശലം പറഞ്ഞ് കൂളായാണ് സെബാസ്റ്റ്യൻ അന്വേഷണ സംഘത്തിനൊപ്പം നിന്നത്. ആളും ബഹളവും വീടരിച്ചുപെറുക്കിയുള്ള തി​രച്ചിലുകൾക്കിടയിലും ഇയാൾ ഒന്നും പ്രതികരിച്ചില്ല. .രാത്രിയോടെയാണ് ഇയാളെ കോട്ടയത്തേക്കു മടക്കികൊണ്ടു പോയത്.

കൊന്ത കണ്ടെത്തിയത് കാഡവർ നായ 'എയ്ഞ്ചൽ' സെബാസ്റ്റ്യന്റെ വീട്ടിലെ തിരച്ചിലിൽ മണ്ണിനടിയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിവുള്ള കഡാവർ നായ എയ്ഞ്ചലും പങ്കെടുത്തു. പരിശോധനയുടെ രണ്ടാം ഘട്ടത്തിലാണ് എയ്ഞ്ചൽ രംഗത്തിറങ്ങിയത്. വീട്ടുവളപ്പിൽ പലയിടത്തും ഓടി നടന്ന എയ്ഞ്ചലാണ് മരത്തിൽ കുരുക്കിയിട്ടിരുന്ന ജെയ്നമ്മയുടേതെന്നു സംശയിക്കുന്ന കൊന്തയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.