എം.ഡി.എം.എ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ചിറ്റൂർ: ദിവസങ്ങൾക്ക് മുമ്പ് കാറിൽ കടത്തിയ 338.16 ഗ്രാം എം.ഡി.എം.എ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയ സംഭവത്തിൽ പ്രതി കൂടി അറസ്റ്റിലായി. മണ്ണാർക്കാട്, എടത്തനാട്ടുകര, ചിരട്ടക്കുളം, കോട്ടനായ്ക്കൽ വീട്ടിൽ എ.റംഷാദിനെ(30) ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ ഒരു യുവതിയടക്കം ആറുപേർ പിടിയിലായി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് എം.ഡി.എം.എയുമായി മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്.മുഹമ്മദ് നാഷിഫ്(39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന് എച്ച്.ഫാസിൽ(32) എന്നിവർ നടപ്പുണിയിൽ വച്ച് പിടിയിലായത്. മണ്ണാർക്കാട് കർക്കിടാംകുന്ന് പലക്കടവ് വടക്കൻ ഹൗസിൽ എ.ഷഫീക്(30), കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്സിന ഹൗസിൽ കെ.പി.മുനാഫിസ്(29), ആലപ്പുഴ തുമ്പോളി പാലിയത്തയിൽ ഹൗസിൽ അതുല്യ റോബിൻ(24) എന്നിവരെ കഴിഞ്ഞ ആഴ്ചയും പിടികൂടിയിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു. ചിറ്റൂർ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസിന്റെ നിർദേശ പ്രകാരം കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം.ആർ.അരുൺകുമാർ, എസ്.ഐ കെ.ഷിജു, വുമൺ സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.സുമതി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എച്ച്.ഷിയാവുദ്ദീൻ, എം.റഷീദ്, സിവിൽ പോലീസ് ഓഫീസർമാരായ ഉമേഷ് ഉണ്ണി, കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.