കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിൽ ആദ്യ പുരുഷ വിദ്യാർത്ഥി

Tuesday 05 August 2025 12:45 AM IST

ചെറുതുരുത്തി : കലാമണ്ഡലത്തിൽ ചരിത്രം കുറിക്കാൻ മോഹിനിയാട്ടത്തിൽ ആദ്യപുരുഷ വിദ്യാർത്ഥി. തിരുവനന്തപുരം പാറശാല മരിയാപുരം സ്വദേശിയായ ആർ.ഐ.പ്രവീണാണ് മോഹിനിയാട്ടത്തിന് പ്രവേശനം നേടിയത്.

സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഡിഗ്രിയും, പി.ജിയും പൂർത്തിയാക്കിയ പ്രവീൺ കലാമണ്ഡലത്തിലെ തനത് മോഹിനിയാട്ട ശൈലി പഠിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ചേർന്നത്. അഞ്ചാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്ന പ്രവീൺ 29 വർഷമായി രംഗത്ത് സജീവമാണ്.

നേരത്തെ സമീപിച്ചെങ്കിലും മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം ഇല്ലായിരുന്നു. കഴിഞ്ഞവർഷമാണ് പ്രവേശനം നൽകാൻ തീരുമാനിച്ചത്. സ്വാശ്രയ കോഴ്‌സായി മോഹിനിയാട്ടം ആരംഭിച്ച ശേഷം ആദ്യമായാണ് ആൺകുട്ടി പ്രവേശനം നേടുന്നത്. നിരവധി പേർ അപേക്ഷിച്ചെങ്കിലും അഭിമുഖ പരീക്ഷയിലൂടെ പത്ത് പേരെ തെരഞ്ഞെടുത്തു. 10 പേരിൽ ഒരു ആൺകുട്ടി മാത്രമാണ് അപേക്ഷിച്ചത്.

മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് ഉണ്ടായിരുന്ന വിവേചനത്തിൽ ശക്തമായി പ്രതികരിച്ച് ആർ.എൽ.വി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. പിന്നീട് അദ്ദേഹം കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ലിംഗ ഭേദമന്യേ എല്ലാ കലാ വിഷയങ്ങളിലും വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത്തരം നടപടികളിലൂടെ കലാമണ്ഡലത്തിന്റെ യശസുയരുമെന്നും വൈസ് ചാൻസിലർ ഡോ.ബി.അനന്തകൃഷ്ണൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ.വി.രാജേഷ് കുമാർ എന്നിവർ പറഞ്ഞു.

വള്ളത്തോൾ ആഗ്രഹിച്ചത് പോലെ കലാമണ്ഡലം സർവകലാശാല തലത്തിലേക്ക് ഉയർന്നു. വള്ളത്തോൾ ചരിത്രപുസ്തകങ്ങളിൽ നിർദ്ദേശിച്ചിരുന്നതാണ് മോഹിനിയാട്ടത്തിന്റെ പേര് കൈരളി നൃത്തമാക്കണമെന്നത്. നൃത്തരൂപത്തിന്റെ പേര് വിവേചനത്തിന് കാരണമാകുന്നുണ്ടെങ്കിൽ വള്ളത്തോൾ നിർദ്ദേശിച്ചത് പോലെ കൈരളി നൃത്തമെന്നാക്കണം. സാംസ്‌കാരിക വകുപ്പും കേരള കലാമണ്ഡലവും മുന്നിട്ടിറങ്ങണം.

ആർ.എൽ.വി.രാമകൃഷ്ണൻ

അദ്ധ്യാപകൻ, മോഹിനിയാട്ടം.