'അടൂരിന്റെ അഭിപ്രായം തള്ളിക്കളയണം'

Tuesday 05 August 2025 12:00 AM IST

തൃശൂർ: സംസ്ഥാന ഗവൺമെന്റിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ പട്ടികജാതിക്കാർക്കെതിരെ പ്രകടിപ്പിച്ച ജാതിയാക്ഷേപം പ്രതിഷേധാർഹവും വളരെ ഗൗരവസ്വഭാവമുള്ളതുമാണെന്ന് കെ.പി.എം.എസ് സംസ്ഥാന സംഘടന സെക്രട്ടറി ലോജനൻ അമ്പാട്ട് അഭിപ്രായപ്പെട്ടു. പട്ടികജാതിക്കാർക്ക് സിനിമ നിർമ്മിക്കുവാൻ അനുവദിക്കുന്ന ഒന്നരക്കോടി രൂപ അധികമാണെന്നും അവർ നിർമ്മിക്കുന്ന സിനിമ നിലവാരമില്ലാത്തതാണെന്നും ഫണ്ട് അനുവദിക്കുന്നതിനു മുൻപ് അവർക്ക് ട്രെയ്‌നിംഗ് നൽകേണ്ടതാണെന്നുമുള്ള അഭിപ്രായം സാംസ്‌കാരിക കേരളം തള്ളിക്കളയണം. ഒരേസമയം, പട്ടിക വിഭാഗ വിരുദ്ധനും വനിതാ വിരുദ്ധനുമായ അടൂരിനെ പോലെയുള്ളവരുടെ ജാതിയുടെ പുറ്റ് പിടിച്ച മനസുള്ളവരെ കേരളം തിരിച്ചറിയണമെന്നും സാംസ്‌കാരിക വകുപ്പ് കൃത്യമായി പ്രസ്തുത വിഷയത്തിൽ പ്രതികരിക്കണമെന്നും ലോജനൻ അമ്പാട്ട് കൂട്ടിച്ചേർത്തു.