തദ്ദേശ വോട്ടർപ്പട്ടിക: പുതിയ അപേക്ഷകൾ 13 ലക്ഷം
Tuesday 05 August 2025 1:24 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടർപ്പട്ടികയിൽ പലരുടേയും പേരില്ലെന്ന ആരോപണം ശരിവച്ച് പുതുതായി പേര് ചേർക്കാൻ അപേക്ഷിച്ചവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. അപേക്ഷിക്കാൻ ഏഴുവരെ സമയമുണ്ട്. അത് കഴിയുമ്പോൾ 16 ലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ വോട്ടർപട്ടികയുമായി പത്തുലക്ഷത്തിലേറെ വോട്ടർമാരുടെ കുറവാണ് തദ്ദേശവോട്ടർ പട്ടികയിലുണ്ടായത്. അതിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു.
എറണാകുളം, തിരുവനന്തപുരം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ പുതിയ അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം കടന്നു. മലപ്പുറത്താണ് കൂടുതൽ - 1.71ലക്ഷം. തൊട്ടുപിന്നിൽ തൃശ്ശൂർ- 1.61ലക്ഷം.