കേരളത്തിലേക്കുള്ള എം.ഡി.എം.എ കടത്തിന്റെ ഇടനിലക്കാരി നഴ്സിംഗ് വിദ്യാർത്ഥിനി ബംഗളൂരുവിൽ പിടിയിലായി
പിടികൂടിയത് ഫോർട്ട് പൊലീസ്
തിരുവനന്തപുരം: കേരളത്തിലേക്ക് എം.ഡി.എം.എ എത്തിക്കുന്ന ഇടനിലക്കാരിലൊരാളായ യുവതിയെ ഫോർട്ട് പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. പാലാ സ്വദേശി അനുവാണ് (22)പിടിയിലായത്. ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയാണ് അനു. കഴിഞ്ഞദിവസം 32 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ചോദ്യം ചെയ്‌തപ്പോഴാണ് ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്ന് മനസിലായത്. തുടർന്ന് ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗളൂരുവിലെത്തി പേയിംഗ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഇവരുടെ ഇടപാടിന്റെ ബാങ്കിംഗ് സ്റ്റേറ്റ്മെന്റ് വഴിയും സൂചന ലഭിച്ചിരുന്നു. മൂന്നുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അനു പിടിയിലായത്.
യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്ത്
ലഹരി വസ്തുക്കൾ കേരളത്തിലെ ചില്ലറ വിതരണക്കാർക്ക് എത്തിച്ചുനൽകുന്നത് അനുവാണെന്ന് പൊലീസ് പറയുന്നു. വിവിധ ജില്ലകളിലേക്ക് കഴിഞ്ഞ രണ്ടുവർഷമായി അനു യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തുന്നുണ്ട്. മലയാളി വിദ്യാർത്ഥികൾ താസമിക്കുന്ന പേയിംഗ് ഗസ്റ്റ് വീടുകൾ,ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും സിന്തറ്റിക് ഡ്രഗ്സും ഇവർ വഴി കേരളത്തിലെത്തിയെന്നാണ് വിവരം.
ആദ്യം ഉപയോഗം, പിന്നെ കച്ചവടം
സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരിചയപ്പെടുന്ന ചെറുപ്പക്കാരെയാണ് ചതിക്കുഴിയിൽപ്പെടുത്തുന്നത്. ആദ്യം ഉപയോഗത്തിനായി സമീപിക്കുന്നവരെ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. എസ്.ഐമാരായ അതുൽ പ്രേം,സുരേഷ്,ശ്രീകുമാർ,എസ്.സി.പി.ഒമാരായ സിജുമോൻ,ശ്രീജിത്,രതീഷ്,ആര്യ എന്നിവരും ബംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വിതരണക്കാരെ തേടി പൊലീസ്
സംഭവത്തിൽ അനുവിന്റെ വിതരണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിലിൽ വാങ്ങാനുള്ള അപേക്ഷ ഇന്നോ നാളെയോ നൽകും. വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
സിന്തറ്റിക്ക് ലഹരി വാഴുന്ന നഗരം
18നും 28നും ഇടയിൽ പ്രായമുള്ളവരാണ് സിന്തറ്റിക്ക് ലഹരി കൂടുതലായി ഉപയോഗിക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതും കൂടുതൽ നേരം ലഹരി ലഭിക്കുന്നതുമായി സിന്തറ്റിക്ക് ലഹരിക്കാണ് ആവശ്യക്കാരേറെ. 2000 രൂപ മുതൽ 20,000 രൂപ വരെയാണ് ഗ്രാമിന് വില. റോഡുമാർഗമാണ് ഇവ തലസ്ഥാനത്ത് വൻതോതിലെത്തുന്നത്. ബംഗളൂരു,ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച ശേഷമാണ് വിവിധ സ്ഥലങ്ങളിലെ മൊത്ത-ചില്ലറ വ്യാപാര മേഖലകളിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെനിന്ന് തൂത്തുക്കുടി വഴി കടൽമാർഗം ശ്രീലങ്കയിലേക്കും കടത്തുന്നുണ്ട്.