കോടതിയിൽ ഹാജരാക്കുമ്പോൾ കൊടി സുനിക്ക് ഇനി കൈവിലങ്ങ്

Tuesday 05 August 2025 1:32 AM IST

കണ്ണൂർ: കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്‌കോർട്ടിന് ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനം. സി.പി.ഒമാരെ കൂടാതെയാകും ഉയർന്ന റാങ്കിലുള്ളവരുടെ എസ്കോർട്ട്. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിൽ നിരീക്ഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെയും നിയോഗിക്കും. സാധാരണ കോടതിയിൽ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് വയ്ക്കാറില്ലെങ്കിലും കൊടി സുനിക്കും സംഘത്തിനും ഇനി ആ ഇളവുണ്ടാകില്ല.

കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ കൊടി സുനിയും സംഘവും പൊലീസ് ഒത്താശയോടെ നടത്തിയ പരസ്യ മദ്യപാനം വിവാദമാകുകയും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണിത്. മാഹി ഇരട്ടക്കൊല കേസിലെ പ്രതികൾ കൂടിയായ കൊടി സുനിയെ ഉൾപ്പെടെ ഇനിയും കോടതിയിൽ ഹാജരാക്കേണ്ടി വരുന്ന സാഹചര്യംകൂടി മുന്നിൽ കണ്ടാണ് തീരുമാനം.

കൊടിസുനിയെ കൂടാതെ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് തലശ്ശേരി വിക്ടോറിയ ഹോട്ടലിന് മുന്നിൽവച്ച് പരസ്യമായി മദ്യപിച്ചത്. സംഭവത്തിൽ ഇവർക്ക് എസ്കോർട്ട് പോയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

കേസെടുക്കാൻ

നിയമോപദേശം തേടി

മദ്യപാന സംഭവത്തിൽ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ പൊലീസുകാർക്കെതിരെയുള്ള നടപടി സസ്‌പെൻഷനിൽ മാത്രം ഒതുക്കിയതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. മദ്യം എത്തിച്ച വാഹനത്തിന്റെ നമ്പർ വ്യക്തമായിട്ടും കൂടുതൽ പേരിലേക്ക് അന്വേഷണവും നീങ്ങിയിട്ടില്ല. കൊടി സുനിയും കൂട്ടരും ഇതിനു മുമ്പും കോടതി പരിസരത്തു വച്ച് മദ്യപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.