വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

Tuesday 05 August 2025 1:41 AM IST

ചിറയിൻകീഴ്: ചിറയിൻകീഴിൽ വീടുകയറി ആക്രമണം നടത്തി, ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് പണവും ആഭരണങ്ങളും കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. കിഴുവിലം പറയത്തുകോണം ഗോകുലം സ്കൂളിന് സമീപം കാട്ടിൽവീട്ടിൽ രാജീവ് എന്നുവിളിക്കുന്ന മനോജിനെയാണ് (45) ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

മുടപുരം ഡീസന്റ്മുക്ക് ബൈത്തുൽ അഫ്സലിൽ മത്സ്യക്കച്ചവടക്കാരൻ ഷാജഹാന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ 31ന് പുലർച്ചെ 2.30ഓടെ മൂവർസംഘം ആക്രമണം നടത്തിയത്.

മത്സ്യമെടുക്കാനായി ഇറങ്ങിയ ഷാജഹാന്റെ തലയുടെ ഇടതുവശത്ത് വെട്ടി പരിക്കേൽപ്പിക്കുകയും കൈവശമുണ്ടായിരുന്ന 2500 രൂപയും,ഭാര്യാ മാതാവിന്റെ കഴുത്തിലുണ്ടായിരുന്ന 1000 രൂപ വില വരുന്ന ഇമിറ്റേഷൻ മാലയും കവർച്ച ചെയ്യുകയായിരുന്നു.

ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.അജീഷ്,സബ് ഇൻസ്പെക്ടർമാരായ മനു.ആർ,ശ്രീകുമാർ.എ,ഷജീർ,പ്രദീപ്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു,ബൈജു,വിജേഷ് എന്നിവർരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംശയകരമായ ആളുകളെയും വാഹനങ്ങളെയും നിരന്തരം നിരീക്ഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവത്തിലുൾപ്പെട്ട മറ്റ് പ്രതികളും ഉടൻ അറസ്റ്റിലാവുമെന്ന് പൊലീസ് പറഞ്ഞു.