ഛത്തീസ്ഗഡ് ബജ്‌റംഗ് പ്രവർത്തകർക്കെതിരെ കേസിന് സമ്മർദ്ദം

Tuesday 05 August 2025 1:03 AM IST

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്‌ത്രീകളെ അറസ്റ്റു ചെയ്യാനിടയായ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ബജ്‌റംഗ് ദൾ നേതാവ് ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം. അതിനിടെ ജാമ്യത്തിലിറങ്ങി ഛത്തീസ്ഗഡിൽ തുടരുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയും വന്ദന ഫ്രാൻസിസും എട്ടിന് കേരളത്തിലെത്തും.

കന്യാസ്‌ത്രീകൾക്കൊപ്പം പോകേണ്ടിയിരുന്ന ഛത്തീസ്ഗഡ് സ്വദേശികളായ കമലേശ്വരി പ്രധാൻ (21),ലളിത ഉസേൻഡി (19),സുഖ്തി മാണ്ഡവി (19) എന്നിവർ ബജ്‌റംഗ് ദൾ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. മാനഭംഗപ്പെടുത്തുമെന്നും ബന്ധുക്കളെ കൊല്ലുമെന്നും അടക്കം ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാൽ പരാതിയിൽ ഇന്നലെ വരെ നടപടിയെടുത്തിട്ടില്ല. കന്യാസ്‌ത്രീകൾക്കെതിരെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

മൂന്ന് പെൺകുട്ടികൾക്കും സംരക്ഷണം നൽകണമെന്ന് സി.പി.ഐ എം.പി പി. സന്തോഷ് കുമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പെൺകുട്ടികളെ സംരക്ഷിക്കുന്ന സി.പി.ഐ നാരായൺപൂർ ജില്ലാ സെക്രട്ടറി ഫൂൽ സിംഗ് കച്‌ലാമിനെതിരെയും ഭീഷണിയുണ്ട്.