ജില്ലയിലുമുണ്ട് ശമ്പളമില്ലാതെ നൂറിലേറെ അദ്ധ്യാപകർ

Tuesday 05 August 2025 1:54 AM IST

കോട്ടയം: ''എന്നെങ്കിലും കിട്ടുമായിരിക്കും പക്ഷേ, എന്നാണെന്നറിയില്ല. വണ്ടിക്കൂലി പോലും ഭർത്താവിൽ നിന്ന് വാങ്ങേണ്ട ഗതികേടാണ്'' നാലു വർഷമായി നഗരത്തിലെ ഒരു എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികയുടെ വാക്കാണിത്. 14 വർഷമായിട്ടും ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് പത്തനംതിട്ടയിൽ ഭർത്താവ് ജീവനൊടുക്കിയ വാർത്ത പത്തനംതിട്ടയിൽ നിന്ന് വരുമ്പോഴാണ് ജില്ലയിലെ എയ്ഡഡ് സ്കൂൾ ജീവനക്കാരും അവരുടെ ശമ്പളമില്ലാ ഗതികേട് വിവരിക്കുന്നത്.

അഞ്ചും ആറും വർഷമായി ശമ്പളം ലഭിക്കാത്ത അദ്ധ്യാപകരും അനദ്ധ്യാപകരുമേറെയുണ്ട് ജില്ലയിൽ. ഇവരിൽ 90 ശതമാനവും സ്ത്രീകൾ. ഭിന്നശേഷി നിയമനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ, സ്ഥാനക്കയറ്റം, സ്ഥലമാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാലുണ്ടാകുന്ന പ്രശ്നങ്ങൾ. ഇവയുടെ പേരിൽ വിദ്യാഭ്യാസ വകുപ്പില മെല്ലെപ്പോക്ക് ഉൾപ്പെടെയുള്ളവയാണ് അദ്ധ്യാപകരെ പ്രതിസന്ധിയിലാക്കുന്നത്. നൂറിലേറെപ്പേർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്.

 നിയമനം നിലച്ചു

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പേരിൽ നാലു വർഷത്തിലേറെയായി എയ്ഡഡ് മേഖലയിൽ അദ്ധ്യാപക നിയമനം മരവിച്ച അവസ്ഥയിലാണ്. ഈ സമയം ജോലിയിൽ പ്രവേശിച്ചവരെല്ലാം ദിവസ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ഇത്തരത്തിൽ ജോലി ചെയ്യുന്നവർക്ക് പല ഡി.ഡി ഓഫീസിൽ നിന്നും മാസങ്ങൾക്കു ശേഷമാണ് ശമ്പളം പാസാക്കി നൽകുന്നത്. സംസ്ഥാനത്ത് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കാത്തതിൽ ഏറ്റവും കൂടുതൽ പേരുള്ള ജില്ലകളിലൊന്ന് കോട്ടയമാണെന്ന് അദ്ധ്യാപക സംഘടനാ നേതാക്കൾ പറയുന്നത്. ഭിന്നശേഷി സംവരണത്തിനു തസ്തിക മാറ്റിവയ്ക്കുന്ന സ്‌കൂളുകളിലെ നിയമനം പാസാക്കണമെന്ന അഭ്യർഥന സർക്കാർ തള്ളുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. ദിവസക്കൂലിയായി ലഭിക്കുന്ന പണം പോലും യഥാസമയം ലഭിക്കാത്തതിനാൽ കടം മേടിച്ചും സ്വർണം പണയപ്പെടുത്തിയുമൊക്കെയാണ് വണ്ടിക്കൂലി ഉൾപ്പെടെ അദ്ധ്യാപകർ കണ്ടെത്തുന്നത്.

പലരും തലവരി കൊടുത്തവർ

സ്ഥലം വിറ്റും പണയംവച്ചും ലക്ഷങ്ങൾ തലവരിപ്പണം കൊടുത്തവരാണ് മിക്കവരും. ശമ്പളം വൈകുമ്പോൾ ഇതിന്റെ ബാദ്ധ്യത കൂടി താങ്ങാൻ കഴിയില്ല. ഇതിന് പുറമേയാണ് താമസ, യാത്രാ ചെലവുകൾ.

പലരും, കുട്ടികളുടെ എണ്ണക്കുറവ് മൂലം ഡിവിഷനുകൾ കുറയുന്നതിനാൽ പോസ്റ്റ് നഷ്ടമാകുമെന്ന ഭീതിയിലുമാണ്.