ഷാനവാസ് സിനിമയിലെത്തിയത് ബാലചന്ദ്രമേനോന്റെ ഒരൊറ്റ മറുപടിയിൽ, മടങ്ങിയത് വലിയൊരു ആഗ്രഹം ബാക്കിയാക്കി

Tuesday 05 August 2025 7:49 AM IST

തിരുവനന്തപുരം: ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'പ്രേമഗീതങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടൻ ഷാനവാസ് വെള്ളിത്തിരയിലെത്തിയത്. ഷാനവാസ് സിനിമയിലെത്തിയത് എങ്ങനെയെന്ന് ബാലചന്ദ്രമേനോൻ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ബാലചന്ദ്രമേനോൻ ഷാനവാസിന്റെ പിതാവും നടനുമായ പ്രേംനസീറിനെ കാണാനെത്തി. എന്നാൽ തന്റെ തിരക്കുകളെക്കുറിച്ചാണ് പ്രേംനസീർ പറഞ്ഞത്. താനെത്തിയത് മകന്റെ ‌ഡേറ്റിനാണ് എന്നായിരുന്നു ബാലചന്ദ്രമേനോന്റെ പ്രതികരണം. ഇതുകേട്ട് പ്രേംനസീർ അമ്പരുന്നു. 'ഷാനവാസോ, അയാൾ അഭിനയിക്കുമോ' എന്നായിരുന്നു നസീറിന്റെ ചോദ്യം. ഇങ്ങനെയായിരുന്നു ഷാനവാസിന്റെ സിനിമാപ്രവേശനമെന്നാണ് സംവിധായകൻ മുൻപ് പറഞ്ഞത്.

'ഇവൻ ഒരു സിംഹം' എന്ന ചിത്രത്തിലാണ് പ്രേംനസീറും ഷാനവാസും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിലെ ആദ്യഷോട്ട് അച്ഛനോടൊപ്പമാണെന്നറിഞ്ഞ ഷാനവാസ് ആശങ്കയിലായി. ഷോട്ട് പിന്നീട് എടുക്കാമെന്ന് സംവിധായകൻ സുരേഷിനെക്കൊണ്ട് സമ്മതിപ്പിച്ചു. എന്നാൽ വിവരമറി‌ഞ്ഞ നസീർ ഷാനവാസിനെ അടുത്തുവിളിച്ചുപറഞ്ഞ് '‌ഡാഡിയും മകനുമൊക്കെ വീട്ടിൽ. ഇവിടെ നീയും ഞാനും നടന്മാരാണ്. മേക്കപ്പിട്ട് കഴിഞ്ഞാൽ ആ കഥാപാത്രമാണെന്ന് മാത്രം ധരിക്കുക. അഭിനയിക്കുക, അതാണ് നിന്റെ തൊഴിൽ'. പിന്നീടുള്ള ഷാനവാസിന്റെ ജീവിതയാത്രയിൽ അച്ഛന്റെ വാക്കുകൾ ഏറെ പ്രചോദനമാവുകയായിരുന്നു. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാനവാസ് മടങ്ങിയത്.

ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.