ചെങ്കോട്ടയിൽ അനധികൃതമായി കടക്കാൻ ശ്രമിച്ചു, അഞ്ച് ബംഗ്ളാദേശി പൗരന്മാർ അറസ്റ്റിൽ

Tuesday 05 August 2025 8:33 AM IST

ന്യൂഡൽഹി: ചെങ്കോട്ടയിൽ അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ളാദേശി പൗരന്മാരെ അറസ്റ്റുചെയ്ത് ഡൽഹി പൊലീസ്. 20നും 25നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്ന് ബംഗ്ളാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പിടിയിലായ യുവാക്കളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ കുറച്ചുകാലമായി നഗരത്തിൽ വിവിധ ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

അതിനിടെ, ഹരിയാനയിൽ അനധികൃതമായി താമസിച്ചിരുന്ന പത്ത് ബംഗ്ളാദേശി പൗരന്മാർ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസ് കഴിഞ്ഞ ശനിയാഴ്‌ചയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ബംഗ്ളാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തു. പിടിയിലായവരെ ഉടൻ നാടുകടത്തുമെന്നാണ് പൊലീസ് അറിയിച്ചത്.

അതേസമയം, ചെങ്കോട്ടയിൽ സുരക്ഷാ പരിശീലനത്തിനിടെ ഡമ്മി ബോംബ് കണ്ടെത്താനാകാതെ പോയതിനെ തുടർന്ന് ഏഴ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ ശാസിച്ചു . ചെങ്കോട്ടയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാർക്കെതിരെയാണ് നടപടി. ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡൽഹി പൊലീസ് നടത്തിയ മോക്ഡ്രില്ലിനിടെയാണ് സംഭവം. ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡ്രസ്സിൽ ഒരാൾ ഡമ്മി ബോംബുമായി ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചു. എന്നാൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാർക്ക് ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ഹെഡ് കോൺസ്റ്റബിൾമാർ, കോൺസ്റ്റബിൾമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചത്.